ചങ്ങനാശേരി: കുറിച്ചിയിലെ ചകിരി സംസ്‌കരണ ഫാക്ടറി പ്രവർത്തനരഹിതമായിട്ട് 27വർഷം. താലൂക്ക് ചകിരി വ്യവസായ സഹകരണസംഘം 1993ൽ ആരംഭിച്ച ഫാക്ടറിക്കാണ് ഈ ദുർഗതി. എം.വി.രാഘവൻ സഹകരണമന്ത്രിയായിരുന്നപ്പോഴാണ് പഞ്ചായത്തിലെ കാലാവടക്കൻമുക്കിൽ അൻപതു ലക്ഷം രൂപ മുടക്കി ഫാക്ടറിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ, പ്രവർത്തനം തുടങ്ങി ആറുമാസത്തിനുള്ളിൽ തന്നെ വ്യവസായ സംരംഭം പൂട്ടിക്കെട്ടി!
കൃഷി ചെയ്തിരുന്ന രണ്ടേക്കർ നിലം നികത്തിയാണ് ഫാക്ടറി സ്ഥാപിച്ചത്. വൻതുക ചെലവഴിച്ച് കെട്ടിടവും യന്ത്രസാമഗ്രികളും സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഉദ്ഘാടനം പോലും നടത്താതെയാണ് ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. ചകിരി സംസ്‌കരണത്തിനായി സ്ത്രീ തൊഴിലാളികളും, യന്ത്രം പ്രവർത്തിപ്പിക്കുവാൻ ഒരു ഓപ്പറേറ്ററുമുണ്ടായിരുന്നു. വൈദ്യുതി ചാർജ് തുകയായ നാലു ലക്ഷത്തിൽപരം രൂപയും ഇതിന്റെ പലിശയും അടയ്ക്കാത്തതിനാൽ കെട്ടിടമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ 2009 ആഗസ്റ്റ് 25 ന് ജപ്തി ചെയ്തിരുന്നു. പിന്നീട് തുകയും പലിശയും സർക്കാർ ഇടപെട്ട് എഴുതി തള്ളുകയും 2010 ജൂലൈ 16 ന് ജപ്തി നടപടികൾ ഒഴിവാക്കി കൊടുക്കുകയും ചെയ്തു.
ചെറുകിട സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താം
കെട്ടിടത്തിലെ യന്ത്രസാമഗ്രികൾ പലതും ഇപ്പോൾ കാണാനില്ല. ബാക്കിയുള്ളവ തുരുമ്പെടുത്തു നശിച്ചു. കാറ്റടിച്ച് കെട്ടിടത്തിന്റെ കുറെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. കെട്ടിടവും സ്ഥലവും മറ്റു ചെറുകിട സംരംഭങ്ങൾക്ക് വിനിയോഗിക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നിരവധി പദ്ധതികൾ എത്തുമ്പോൾ അടിസ്ഥാന സൗകര്യമടക്കമുള്ള വലിയ കെട്ടിടമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഫാക്ടറി സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്ത് പൊതുസംരംഭം ആരംഭിച്ച് പ്രദേശവാസികൾക്ക് തൊഴിൽ നൽകുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.