padashekaram

വെച്ചൂർ : വെള്ളം കയറിയ 250 ഏക്കറോളം വരുന്ന വലിയ വെളിച്ചം അച്ചിനകം പാടശേഖരങ്ങളിലെ 30 മുതൽ 40 ദിവസം വരെയുള്ള നെല്ല് സംരക്ഷണമില്ലാതെ നശിക്കുന്നു. വെള്ളപ്പൊക്കത്തിൽ വേണ്ടത്ര സംരക്ഷണമില്ലാത്തതിനെ തുടർന്നാണ് വെള്ളം കയറിയതെന്നും വെള്ളം വ​റ്റിച്ചെടുക്കുന്നതിന് പകരം വലിയ ഇൻഷ്വറൻസ് തുക ലഭിക്കുമെന്ന് കർഷകർക്കിടയിൽ വ്യാജ പ്രചരണം നടത്തി പാടശേഖര സമിതി നെൽ കൃഷി ഉപേക്ഷിക്കാൻ തീരുമാനമെടുത്തുവെന്നുമാണ് ആരോപണമുയരുുന്നത്.
പൊതുയോഗത്തിൽ ഈ തീരുമാനത്തിനെതിരെ കർഷകർ ഒന്നടങ്കം പ്രതിഷേധിക്കുകയും കൃഷി ഓഫീസർക്ക് പരാതി കൊടുക്കുകയും ചെയ്തു. ചിങ്ങം ഒന്നിന് കർഷകദിനാചരണത്തിന് ശേഷം കൂടിയ വികസന സമിതി യോഗത്തിൽ കരിനില വികസന ഏജൻസി വൈസ്‌ചെയർമാൻ പി.എൻ.ദാസപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, കൃഷി ഓഫീസർ അമൃത, വികസന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാടശേഖരങ്ങൾ വെള്ളം വ​റ്റിക്കുകയും നിലവിലെ കൃഷി സംരക്ഷിക്കുകയും കൃഷി നഷ്ടപ്പെട്ടവർക്ക് വിതയ്ക്കാൻ മൂപ്പ് കുറഞ്ഞ വിത്ത് വിതരണം ചെയ്യാമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഈ തീരുമാനം അട്ടിമറിച്ച് ജനപ്രതിനിധികളേയും കൃഷി ഉദ്യോഗസ്ഥരെയും തെ​റ്റായ വിവരങ്ങൾ ധരിപ്പിച്ച് വീണ്ടും പാടശേഖരങ്ങളിൽ വെള്ളം കയ​റ്റുകയും പമ്പിംഗ് നിറുത്തിവയ്ക്കുകയും ചെയ്തുവെന്ന് കർഷകർ ആരോപിക്കുന്നു. കർഷകരുടെ പരാതിയെ തുടർന്ന് ഇന്ന് രാവിലെ 11 ന് പാടശേഖരങ്ങൾ സന്ദർശിക്കുമെന്ന് കൃഷി അസി.ഡയറക്ടർ പി.പി.ശോഭ ഉറപ്പുനൽകിയിട്ടുണ്ടെന്ന് പാടശേഖര സംരക്ഷണ സമിതിഭാരവാഹികളായ കെ.വി. വിശ്വനാഥൻ , സി. എസ്. രാജു എന്നിവർ പറഞ്ഞു.