പിഴക് : കൊവിഡ് കാലഘട്ടത്തിനെ മറികടക്കുന്നതിന്റെ ഭാഗമായി പിഴകിലെ കോളേജ് വിദ്യാർത്ഥികളും യുവാക്കളും സുഭിക്ഷകേരളം പദ്ധതിയിലൂടെ കാർഷികവൃത്തിയിലേക്ക് തിരിഞ്ഞു. പാലാ സെന്റ് തോമസ്‌കോളേജ്, മേലുകാവ് കോളേജ്, അരുവിത്തുറ കോളേജ് എന്നിവിടങ്ങളിലെ ഡിഗ്രി വിദ്യാർത്ഥികളും ഓട്ടോ മൊബൈയിൽ, ഹോട്ടൽ മാനേജ്‌മെന്റ്, കമ്പ്യൂട്ടർഡിസൈനിംഗ് ഡിപ്ലോമ വിദ്യാർത്ഥികളുമാണ് മണ്ണിലേക്ക് ഇറങ്ങിയത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ മുൻകൈ എടുത്താണ് കർഷക സംഘം രൂപീകരിച്ചത്.
പദ്ധതി പ്രകാരം പിഴകിൽ വിവിധ വിളകളുടെ കൃഷി തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുത്തി ആരംഭിച്ചു. 6000 മീൻ കുഞ്ഞുങ്ങളെ വളർത്താനുള്ള വലിയ രണ്ട് കുളങ്ങളാണ് പൂർത്തിയായി കൊണ്ടിരിക്കുന്നത്. കൂടാതെ 500 മൂട് കപ്പ ,100 വാഴ എന്നിവ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്തു. പിഴക് മുതൽ കുറിഞ്ഞി വരെയുള്ള പാതയോരങ്ങളിൽ സോഷ്യൽഫോറസ്റ്ററിയുമായി സഹകരിച്ച് തണൽമരങ്ങൾ വച്ച് പിടപ്പിക്കുന്നതും മൂന്ന് വർഷത്തെ പരിപാലനവും തൊഴിലുറപ്പ് പദ്ധതി പ്രകാരം വിദ്യാർത്ഥികൾ ഏറ്റെടുത്തു. കടനാട് ഗ്രാമ പഞ്ചായത്തിലും ളാലംബ്ലോക്ക് പഞ്ചായത്തിലും സുഭിക്ഷകേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്താണ് സംഘത്തിന്റെ പ്രവർത്തനം. തൊഴിലുറപ്പ് പദ്ധതി അസി. എൻജിനിയർ വി.എ.സെബാസ്റ്റ്യൻ,വി.ഇ.ഒമാരായ സുനിത് ജി,സുഷ ഹരി ,കൃഷി ഓഫീസർ അജ്മൽ എന്നിവരാണ് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്.