കോട്ടയം: ഡിഗ്രി പ്രവേശന നടപടികൾ പൂർത്തിയാകും മുമ്പേ എം.ജി സർവകലാശാലയെ നോക്കു കുത്തിയാക്കി പല സ്വകാര്യ കോളേജുകളും സീറ്റുകൾ വിറ്റ് ലക്ഷങ്ങൾ കോഴവാങ്ങി പ്രവേശനം പൂർത്തിയാക്കിയെന്ന പരാതി വ്യാപകമായി .
കൊവിഡ് രോഗവ്യാപനം കാരണം അന്യ സംസ്ഥാനങ്ങളിൽ പഠനം ഉപേക്ഷിച്ചവരും ഈ വർഷം അപേക്ഷകരായതോടെ ഡിഗ്രി പ്രവേശനത്തിന് വൻ തിരക്കാണ്. ഇതു മുതലാക്കിയാണ് കോഴപ്പണ നിരക്ക് കൂട്ടിയുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ പിടിച്ചുപറി. ബി.കോമിനാണ് ഏറെ ഡിമാൻഡ്. മിനിമം ഒരു ലക്ഷം രൂപ വാങ്ങിയിരുന്ന പ്രമുഖ കോളേജുകൾ ഈ വർഷം ഇരട്ടിയാക്കി . മറ്റു ഡിഗ്രി കോഴ്സുകൾക്കും മിനിമം നിരക്ക് കാൽ ലക്ഷം രൂപയാണ്
40 സീറ്റാണ് ബികോമിനുള്ളത്. ഇതിൽ എട്ട് സീറ്റ് മാനേജ് മെന്റ് ക്വാട്ടയാണ്. മിക്ക സ്വകാര്യ കോളേജുകളിലും സ്വശ്രയ ബി.കോം കോഴ്സുമുണ്ട്. 50 ശതമാനം മാനേജ്മെന്റ് ക്വാട്ടയാണ് . ഇത് നൂറ് ശതമാനം വരെയാക്കിയാലും പരിശോധനയില്ലാത്തതിനാൽ മെരിറ്റ് ഒഴിവാക്കി മുഴുവൻ സീറ്റുകളും കച്ചവടം ചെയ്യും. പ്രവേശന നടപടികൾ അവസാന ഘട്ടത്തിലെത്തുമ്പോൾ എല്ലാ വർഷവും 20 ശതമാനം സീറ്റ് വരെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവാകും. ഈ സീറ്റുകളിലും കോഴ വാങ്ങിയാണ് പ്രവേശനം.
ഈമാസം 27വരെയാണ് ഡിഗ്രി പ്രവേശന അപേക്ഷ നൽകേണ്ടത്. എന്നാൽ മിക്ക കോളേജുകളും ഇതിനകം പ്രവേശനം പൂർത്തിയാക്കി . ഇത്തരം കോളേജുകൾക്കെതിരെ നടപടി എടുക്കാനും സർവകലാശാലക്ക് കഴിയുന്നില്ല.
ബി.കോമിന്
കോഴ 2
ലക്ഷം രൂപ
മാനേജ്മെന്റുകളുടെ കളി
കോട്ടയത്തെ പ്രമുഖ സ്വകാര്യ കോളേജിൽ ബി.കോം മെരിറ്റ് പ്രവേശനം കട്ട് ഓഫ് മാർക്ക് 96 ശതമാനമാണ്. അതിൽ താഴെ മാർക്കുള്ളവരെ ആദ്യമേ മാനേജ്മെന്റ് ക്വാട്ടായിലാക്കും. പ്രവേശനം ഓൺലൈൻ വഴിയാണെങ്കിലും ആദ്യ മെരിറ്റ് ലിസ്റ്റ് ഇട്ടശേഷം പിന്നീട് കോളേജ് മാനേജ്മെന്റുകളുടെ കളിയാണ് പ്രവേശനത്തിൽ നടക്കുക. മറ്റു കോളേജിൽ പ്രവേശനം നേടിയ അപേക്ഷകരുടെ ഒഴിവിൽ സീറ്റ് കച്ചവടം തടയാനും സർവകലാശാലക്കു കഴിയില്ല .
കണ്ണടച്ച് സർവകലാശാല
മെരിറ്റ് സീറ്റ് മാനേജ്മെന്റ് സീറ്റാക്കി മാറ്റിയാലും കോളേജുകൾക്കെതിരെ നടപടി എടുത്ത ചരിത്രമില്ല. ഒരു കോളേജിനെയും ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി പ്രവേശനം തടഞ്ഞിട്ടുമില്ല. സിൻഡിക്കേറ്റ് കമ്മിറ്റി രൂപീകരിച്ച് പേരിനൊരു അന്വേഷണം നടക്കും. വേണ്ടപ്പെട്ടവരെ വേണ്ടരീതിയിൽ കാണുന്നതോടെ അന്വേഷണവും അവസാനിക്കും.