കോട്ടയം : പ്രതിപക്ഷ കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് തടസപ്പെട്ട ഈരയിൽക്കടവ് ബൈപ്പാസിലെ പോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിയ്‌ക്ക് നഗരസഭയുടെ കത്ത്. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. ബൈപ്പാസിൽ നടപ്പാത നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോസ്റ്റ് മാറ്റാൻ തീരുമാനം ആയിരുന്നു.

എന്നാൽ ഇതിനായി എത്തിയ ഉദ്യോഗസ്ഥരെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞു. നഗരസഭ തീരുമാനമനുസരിച്ചാണ് പോസ്റ്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചത്. തുടർന്ന് ആരോടും ആലോചിക്കാതെ നിർദിഷ്ട നടപ്പാതയിലേക്ക് കയറ്റി പോസ്റ്റ് സ്ഥാപിക്കുകയായിരുന്നുമെന്നാണ് ആരോപണം ഉയർന്നത്. ഇതു കണ്ടെത്തിയതോടെ മാറ്റാൻ ശ്രമിച്ചതിനെയാണ് എൽ.ഡി.എഫ് തടയുന്നത്. ലൈൻ പോലും വലിക്കാത്തതിനാൽ പോസ്റ്റ് മാറ്റുന്നതു കൊണ്ടു കാര്യമായ നഷ്ടമൊന്നുമുണ്ടാകുന്നില്ലെന്നും നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന പറഞ്ഞു.

മോശം ഭക്ഷണത്തിൽ പ്രതിഷേധം

നാട്ടകത്ത് കൊവിഡ് ആശുപത്രിയിൽ രോഗികൾക്കു മോശം ഭക്ഷണം വിതരണം ചെയ്‌തെന്ന പരാതിയിൽ ഇടത് കൗൺസിലർമാരുടെ പ്രതിഷേധം. സംസ്ഥാനത്ത് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സർക്കാർ നിർദേശപ്രകാരമുള്ള ഭക്ഷണം വിളമ്പുമ്പോൾ കോട്ടയത്ത് മാത്രം മോശം ഭക്ഷണം വിളമ്പുകയാണെന്ന് പ്രതിപക്ഷ അംഗം ഷീജ അനിൽ ആരോപിച്ചു. കൗൺസിൽ യോഗത്തിനു ശേഷം നഗരസഭ അദ്ധ്യക്ഷയുടെ ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവും സംഘടിപ്പിച്ചു.