പാലാ : ഹോട്ടൽ തൊഴിലാളിയായിരുന്ന സ്‌കൂട്ടർ യാത്രികൻ അന്ത്യാളം പൂവേലിത്താഴെ റോയി റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അപകടത്തിന് ഇടയായത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതിയും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും നൽകിയ പരാതിയിലാണ് നടപടി.
റോയിയുടെ മരണത്തോടെ നിരാലംബരായ കുടുംബത്തെക്കുറിച്ച് ഇന്നലെ 'കേരളകൗമുദി ' പ്രസിദ്ധീകരിച്ച വാർത്തയുടെ കോപ്പി സഹിതമാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ പറഞ്ഞു. മരണമടഞ്ഞയാളുടെ കുടുംബത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിയിൽ പറയുന്നു.
പാലാ - രാമപുരം റോഡിൽ ഹൈസ്‌കൂളിന് സമീപം റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് റോയി (45) മരിച്ചത്.
റോഡിലെ കുഴികൾ നികത്താനുള്ള ഉത്തരവാദിത്തം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കാണ്. കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പിറ്റേന്ന് തന്നെ റോഡിലെ കുഴികൾ അടച്ചിരുന്നു.
പ്രലോഭനവുമായി ഉദ്യോഗസ്ഥർ
വിഷയം ഗുരുതരമാകുമെന്ന് കണ്ടതോടെ പൊതുമരാമത്തു വകുപ്പിലെ ചില ഉദ്യോഗസ്ഥർ ദൂതൻമാർ മുഖേന പ്രലോഭനങ്ങളുമായി റോയിയുടെ കുടുംബത്തെ സമീപിച്ചതായി അറിയുന്നു. കുടുംബാംഗങ്ങൾ നീരസം പ്രകടിപ്പിച്ചതോടെ ഇവർ പിൻവലിയുകയായിരുന്നു.