പൊൻകുന്നം: 35 വർഷങ്ങം മുൻപ് വനിതകൾ കടന്നുവരാൻ മടിക്കുന്ന പത്രവിതരണരംഗത്തേക്ക് ധൈര്യപൂർവ്വം എത്തിച്ചേർന്ന പാട്ടുപാറ പുതുപ്പറമ്പിൽ രാധ വിടവാങ്ങി. വിവിധ പത്രങ്ങളുടെ മുൻ ഏജന്റായിരുന്നു. ആരോഗ്യം അനുവദിച്ചകാലമത്രയും തന്റെ കർമ്മരംഗത്ത് പ്രവർത്തിച്ച രാധ ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്. രണ്ടുവർഷമായി ആരോഗ്യം മോശമായതിനാൽ പത്രവിതരണത്തിൽ നിന്ന് മാറി മക്കളെ ദൗത്യമേൽപ്പിച്ച് വിശ്രമജീവിതത്തിലായിരുന്നു. ഭർത്താവിന്റെ മരണശേഷം ഉപജീവനത്തിനായി പത്രവിതരണ രംഗത്തേക്ക് എത്തിയതാണ് രാധ. അന്ന് പൊൻകുന്നം മേഖലയിൽ പത്രവിതരണരംഗത്തെ വനിത പുതുമയായിരുന്നു. പുലർച്ചെ കിലോമീറ്ററുകളോളം നടന്ന് പത്രവിതരണം നടത്തുന്ന ഇവർ എന്നും നാട്ടുകാർക്ക് കൗതുകമായിരുന്നു. പത്രവിതരണരംഗത്തെ ദീർഘകാല പ്രവർത്തനത്തിന് വിവിധ സംഘടനകൾ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.