പൊൻകുന്നം : പട്ടികജാതി വികസന വകുപ്പിൽ നിന്ന് ലഭിക്കേണ്ട ടെലിവിഷൻ ലഭിക്കാത്തതിനാൽ നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിയുടെ ഓൺലൈൻ പഠനം വഴിമുട്ടി. ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈ സ്‌കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് അപേക്ഷ നൽകി മൂന്നുമാസം പിന്നിട്ടിട്ടും ടെലിവിഷൻ ലഭിക്കാത്തത്. പഞ്ചായത്ത് അംഗത്തിന്റെ സാക്ഷ്യപത്രവുമായി സ്‌കൂൾ അധികൃതർ പട്ടികജാതി വികസന വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും അപേക്ഷ നൽകിയിരുന്നതാണ്. വിധവയായ അമ്മയും മകനും മാത്രം അടങ്ങുന്ന നിർദ്ധന കുടുംബം തൊഴിലുറപ്പ് ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. നിലവിൽ അയൽവീട്ടിലെ ടെലിവിഷൻ ഉപയോഗിച്ചാണ് പഠനം. വകുപ്പുതല സഹായം ലഭിക്കുമെന്നതിനാൽ സന്നദ്ധസംഘടനകൾ നൽകകുന്ന ടെലിവിഷനും ലഭിച്ചില്ല.