മാതാവിനെ അറസ്റ്റ് ചെയ്യും
കട്ടപ്പന: അവിവാഹിതയായ യുവതി ഹോസ്റ്റലിൽ ജന്മം നൽകിയ കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്.
കട്ടപ്പനയിലെ വനിത ഹോസ്റ്റലിൽ വെള്ളിയാഴ്ചയാണ് യുവതി ആൺകുഞ്ഞിനു ജന്മം നൽകിയത്.
നഗരത്തിലെ ദേശസാത്കൃത ബാങ്കിലെ ജീവനക്കാരിയായ യുവതി മൂത്ത സഹോദരിക്കൊപ്പമാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഗർഭിണിയാണെന്നുള്ള വിവരം ഹോസ്റ്റലിലെ മറ്റു താമസക്കാർ പോലും അറിഞ്ഞിരുന്നില്ല. ഗർഭാവസ്ഥയിലും ഇവർ ബാങ്കിൽ ജോലിക്കെത്തിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ സഹോദരിയെ സ്ഥലത്തുനിന്നു പറഞ്ഞയച്ചശേഷം മുറിക്കുള്ളിൽ പ്രസവിക്കുകയായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. സംഭവം മറ്റുള്ളവർ അറിയാതിരിക്കാൻ ഇരുവരും മണിക്കൂറുകളോളം മുറിക്കുള്ളിൽ തങ്ങി. ഇതിനിടെ മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റൽ അധികൃതരും വിവരമറിയുന്നത്. തുടർന്ന് ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നൽകിയത്. തുടർന്ന് കട്ടപ്പന പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. കട്ടപ്പനയിൽ നിന്നു നെടുങ്കണ്ടത്തെ ആശുപത്രിയിലേക്കു യുവതിയെ കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും ബ്ലഡ് ബാങ്കിൽ ആവശ്യത്തിനു രക്തമില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പരിശോധനാഫലങ്ങൾ ലഭിച്ചശേഷമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും. യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, സി.ഐ വിശാൽ ജോൺസൺ, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.