കട്ടപ്പന: ഇരുവൃക്കകളും തകരാറിലായ യുവാവിനു ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്താൻ പ്രതിബന്ധമാകുന്നത് പണം. ആനവിലാസം കുറുമുള്ളിൽ അനുമോനാണ് (26) ആറുമാസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടുന്നത്. സൗദിയിലെ ഫുഡ് പ്രൊഡക്ട് കമ്പനിയിൽ സെയിൽസ്മാനും ഡ്രൈവറുമായി ജോലി ചെയ്യുന്നതിനിടെയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർച്ചയായി ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ, സൗദിയിൽ നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലാണെന്നു തെളിഞ്ഞത്. തുടർന്ന് ആനവിലാസത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ആകെയുള്ള സമ്പാദ്യം മുഴുവൻ ചികിത്സയ്ക്കായി ചെലവഴിച്ചിട്ടും രോഗം ഭേദമായില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ 10 ലക്ഷത്തിലധികം രൂപ ചെലവാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അനുമോനെ പരിചരിക്കാനായി സഹോദരൻ മനുവിന് ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. അമ്മ രമണിയും രോഗിയാണ്. അനുമോന്റെ ചികിത്സയ്ക്കായി ഇതിനോടകം ലക്ഷങ്ങൾ ചെലവായി. ശസ്ത്രക്രിയ നടത്താൻ സുമനസുകളുടെ സഹായം കൂടിയേ തീരൂ. അമ്മ രമണിയുടെ പേരിൽ എസ്.ബി.ഐ. ആനവിലാസം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 57067030605. ഐ.എഫ്.എസ്. കോഡ്: എസ്.ബി.ഐ.എൻ.0070585. ഫോൺ: 7902890027, 8921667203.