child-death

കോട്ടയം: വനിതാ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി പ്രസവിച്ച ആൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതോടെ യുവതിയെ പൊലീസ് നിരീക്ഷണത്തിലാക്കി. കോട്ടയം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവതിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസ്ചാർജ് ആയാലുടൻ യുവതിയെ പൊലീസ് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ ബാങ്ക് ജീവനക്കാരിയായ അവിവാഹിത പ്രസവിച്ചത്.

കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നാണ് സൂചന നല്കിയിട്ടുള്ളത്. കുഞ്ഞിന്റെ തലയിൽ മുറിവും കണ്ടെത്തിയിട്ടുണ്ട്. ജനിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ഫോറൻസിക് സർജൻ നല്കുന്ന റിപ്പോർട്ട്. ഇതോടെ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളാണ് യുവതിയുടെ മേൽ ചുമത്തുക.

പ്രസവിച്ച ഉടൻതന്നെ കുഞ്ഞ് മരിച്ചുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവ സമയത്ത് ഹോസ്റ്റൽ മുറിയിൽ ആരും ഇല്ലായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോൾ ഹോസ്റ്റലിലുള്ളവരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി ഗർഭിണായാണെന്ന വിവരം കൂടെ താമസിക്കുന്നവർപോലും അറിഞ്ഞിരുന്നില്ല.