kulammmmb
നവീകരിച്ച തൃക്കൊടിത്താനം ആഞ്ഞിലി വേലികുളം

ചങ്ങനാശേരി: മുക്കാട്ടുപടി ആരമലയിൽ നവീകരിച്ച കുളം ഇന്ന് ഉദ്ഘാടനം ചെയ്യും. പതിറ്റാണ്ടുകൾ പഴക്കമുള്ള ആഞ്ഞിലിവേലിക്കുളം വേണ്ടത്ര സംരക്ഷണം ഇല്ലാതെ മണ്ണും ചെളിയും അടിഞ്ഞുകൂടിയും മാലിന്യം നിക്ഷേപിച്ചും ഉപയോഗശൂന്യമായിരുന്നു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകേരളം പദ്ധതിയിൽ ഉൾപെടുത്തിയാണ് 20 ലക്ഷം രൂപ മുടക്കി കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ചെളിയും മാലിന്യവും മാറ്റി കുളം വൃത്തിയാക്കി പടവുകൾ നിർമ്മിച്ച് സമീപസ്ഥലങ്ങൾ ഇന്റർലോക്കിട്ട് മനോഹരമാക്കിയിട്ടുണ്ട്. ജലാശയം നിലനിൽക്കുന്നതിനാൽ സമീപപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. പദ്ധതിക്ക് മാടപ്പള്ളി ബ്ലോക്ക്പഞ്ചായത്തിൽനിന്നും ധനസഹായം ലഭിച്ചിട്ടുണ്ട്. സുഭിക്ഷകേരളം പദ്ധതിയിലുൾപെടുത്തി ഫിഷറീസ് ഡിപ്പാർമെന്റുമായി ചേർന്ന് കുളത്തിൽ മത്സ്യകൃഷിക്ക് ഉടൻ തുടക്കമിടും. ഇന്ന് രാവിലെ പത്തിന് കുളത്തിന് സമീപം ചേരുന്ന യോഗത്തിൽ മാടപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും.