തൃശൂർ: പ്രശസ്ത പത്രപ്രവർത്തകനും എക്‌സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി. അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ ഏഴാമത് അച്യുതവാര്യർ പുരസ്‌കാരത്തിന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരി മൂന്ന് മുതൽ പ്രസിദ്ധീകരിച്ച നാടുണർന്നു, നദി നിറഞ്ഞു എന്ന ലേഖന പരമ്പരയാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
അച്ചടി വിഭാഗത്തിൽ ലഭിച്ച 45 എൻട്രികളിൽ നിന്നാണ് രാഹുലിനെ അവാർഡിനായി തിരഞ്ഞെടുത്തത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സി.എ കൃഷ്ണൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.സി.എസ്. ശങ്കർ എന്നിവടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്. കോഴിക്കോട് ശാന്താദേവി പുരസ്‌കാരവും രാഹുലിന് ലഭിച്ചിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുന്നതനുസരിച്ച് പുരസ്‌കാരസമർപ്പണം പിന്നീട് നടക്കുമെന്ന് സി.എ കൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കോട്ടയം മണിമല ആലപ്ര ഗോകുലത്തിൽ ചന്ദ്രശേഖരപിള്ള വത്സലകുമാരി ദമ്പതികളുടെ മകനായ രാഹുൽ 2010 മുതൽ കേരളകൗമുദിയിൽ മാദ്ധ്യമ പ്രവർത്തകനാണ്. ഭാര്യ: ഉമ ഉണ്ണികൃഷ്ണൻ. മക്കൾ: ശ്രീറാം ശേഖർ, ശിവാനി ശേഖർ. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി എം.വി വിനീത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.