കോട്ടയം: ഇടതു സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടു നിന്നതിലൂടെ സ്വയം യു.ഡി.എഫിൽ നിന്ന് പുറത്തേക്കുള്ള വഴി തേടിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്, ഇനി രാഷ്ട്രീയ അഭയം ഇടതു മുന്നണിയിൽ .
അടുത്ത യു.ഡി.എഫ് യോഗം ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുന്ന തീരുമാനമെടുക്കുമെന്നാണ് സൂചന. കെ.എം. മാണിയുടെ പൈതൃകത്തെയും പാർട്ടിയെയും തകർക്കാൻ ചെന്നിത്തല നിയമസഭാ വേദി ഉപയോഗിച്ചെന്ന രൂക്ഷ വിമർശനം ഇന്നലെ ജോസ് വിഭാഗം ജനറൽ സെക്രട്ടറി പി.ടി.ജോസ് നടത്തിയതും ശ്രദ്ധേയം.
വിപ്പ് ലഘിച്ചതിന് ജോസ് പക്ഷത്തെ രണ്ട് എം.എൽഎമാർക്കെതിരെ നടപടിയെടുക്കാൻ യു.ഡി.എഫിന് നിയമപരമായി കഴിയില്ലെങ്കിലും, സ്പീക്കർക്ക് പരാതി നൽകുമെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പറയുന്നു. പാർട്ടി അധികാരത്തർക്കം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ നിൽക്കുന്നതിനാൽ സ്പീക്കർക്ക് തീരുമാനം നീട്ടാം. ജോസ് വിഭാഗം ഇടതു മുന്നണിയിൽ ചേർന്നാലും കൂറുമാറ്റ നിരോധന വിഷയത്തിലും സ്പീക്കറുടെ നിലപാടാവും പ്രധാനം. ഇപ്പോഴത്തെ സ്ഥിതിയിൽ അത് ജോസിന് അനുകൂലമാവാം. പ്രത്യേകിച്ച്, നിയമസഭാ വിപ്പായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തത് സഭാ രേഖകളിലുള്ളതിനാൽ.
ഇടതു മുന്നണിയിലേക്ക് പോകുന്നതിൽ ജോസ് വിഭാഗത്തിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും, യു.ഡി.എഫിൽ നിന്ന് പുറത്താക്കുന്ന സാഹചര്യത്തിൽ മറ്റ് വഴിയില്ലെന്ന് അണികളെ ബോദ്ധ്യപ്പെടുത്തും. ഒപ്പമുള്ള ഒരു എം.പിയും രണ്ട് എം.എൽമാരും ജോസിനെ വിട്ടു പോകാനുള്ള സാദ്ധ്യതയില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം ആവശ്യവുമാണ് .ഉന്നത ഇടതു നേതാക്കളുമായുള്ള ചില ചർച്ചകളും നടന്നുവെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നറിയുന്നത്.ജോസിന് കേന്ദ്രമന്ത്രി സ്ഥാനം വരെ വാഗ്ദാനം നൽകിയെങ്കിലും ബി.ജെ.പി മുന്നണി പ്രവേശനം പാർട്ടിയുടെ അടിവേര് മാന്തുമെന്നതിനാൽ ആ വഴി തിരഞ്ഞെടുക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്
ജോസ് പക്ഷത്തെ യു.ഡി.എഫിൽ
നിന്ന്പുറത്താക്കിയേക്കും
രാഷ്ട്രീയ ലേഖകൻ
വിപ്പ് ലംഘനം :സ്പീക്കറെ സമീപിക്കാനൊരുങ്ങി ഇരുപക്ഷവും
തിരുവനന്തപുരം: നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് ജോസ് കെ.മാണി വിഭാഗം വിട്ടുനിന്നത് കേരള കോൺഗ്രസ് -എമ്മിൽ പുതിയ നിയമപ്പോരിന് കളമൊരുക്കുന്നു.
ജോസ് പക്ഷത്തെഔദ്യോഗികമായി പുറത്താക്കാൻ യു.ഡി.എഫ് വൈകാതെ തീരുമാനമെടുത്തേക്കും. അവിശ്വാസപ്രമേയ ചർച്ചയ്ക്ക് ശേഷം,ആരോപണങ്ങളല്ല, വസ്തുതകളാണ് പരിശോധിക്കപ്പെടേണ്ടതെന്ന് ജോസ് കെ.മാണി നടത്തിയ പ്രതികരണവും സർക്കാർ വാദത്തെ അനുകൂലിക്കുന്നതാണെന്ന് യു.ഡി.എഫ് വ്യാഖ്യാനിക്കുന്നു.
അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് ജോസ് പക്ഷവും, പ്രമേയത്തെ അനുകൂലിക്കാനാവശ്യപ്പെട്ട് ജോസഫ് പക്ഷവും വിപ്പ് നൽകിയിരുന്നു. യു.ഡി.എഫിന്റേതായി മുന്നണി ചീഫ് വിപ്പ് സണ്ണി ജോസഫ് മറ്റൊരു മൂന്നു വരി വിപ്പും നൽകി. ഇത് വകവയ്ക്കാതെയാണ് അവിശ്വാസപ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും നിന്ന് ജോസ് വിഭാഗം അംഗങ്ങളായ ഡോ.എൻ. ജയരാജും റോഷി അഗസ്റ്റിനും വിട്ടുനിന്നത്. ഇതിലുള്ള അമർഷം പ്രതിപക്ഷനേതാവ് നിയമസഭയിൽ പരസ്യമാക്കി. എന്നാൽ, മുന്നണി പുറത്താക്കിയെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ട് അമർഷം പ്രകടിപ്പിക്കുന്നതിലെന്ത് കാര്യമെന്നാണ് ജോസ് വിഭാഗത്തിന്റെ ചോദ്യം.അതത് പാർട്ടികൾക്കേ നടപടിയാവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കാനാവൂ എന്നതിനാൽ യു.ഡി.എഫിന്റെ വിപ്പിന് പ്രസക്തിയില്ല.
സഭയിലെ വിപ്പ് ലംഘനത്തിന് മറുപക്ഷത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഇരുവിഭാഗവുംസ്പീക്കറെ സമീപിക്കാനൊരുങ്ങുകയാണ്.ആരുടെ പരാതിക്ക് സ്പീക്കർ മുൻതൂക്കം നൽകുമെന്നത് കാത്തിരുന്ന് കാണാം.
അവിശ്വാസപ്രമേയത്തിൽ ജോസ് വിഭാഗം വിപ്പ് ലംഘിച്ചെന്ന് കാണിച്ച് സ്പീക്കർക്ക് കത്ത് നൽകും. വിപ്പ് ലംഘിച്ചവർ സ്വഭാവിക നടപടി നേരിടേണ്ടി വരും. ജോസ് വിഭാഗം കെ.എം. മാണിയുടെ കാലത്തെ കാര്യമാണ് പറയുന്നത്. മാണി മരിച്ച ശേഷം നിയമസഭാകക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നീ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ എനിക്ക് കത്ത് നൽകി. അതനുസരിച്ച് ഒഴിവുകൾ നികത്തിയിരുന്നു.
- പി.ജെ. ജോസഫ്