ചങ്ങനാശേരി: സന്ധ്യമയങ്ങിയാൽ എങ്ങനെ വഴി നടക്കും? പായിപ്പാട്ടുകാർ ഈ ചോദ്യം ഉയർത്തിത്തുടങ്ങിയിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. പായിപ്പാട് കവലയിൽ വഴി വിളക്കുകൾ പണിമുടക്കിലാണ്. പായിപ്പാട് പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പായിപ്പാട് ജംഗ്ഷനിലുള്ള ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് 6 മാസങ്ങൾ പിന്നിട്ടു.പക്ഷേ പഞ്ചായത്ത് അധികൃതർക്ക് ഇതൊന്നും അറിഞ്ഞമട്ടില്ല. കവലയ്ക്ക് സമീപമുള്ള മച്ചിപ്പള്ളി ഭാഗത്തേക്ക് പോകുന്ന റോഡിലും വഴിവിളക്കുകൾ പണിമുടക്കിലാണ്. പഞ്ചായത്തിലും കെ.എസ്.ഇ.ബിയിലും നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. റോഡിൽ വഴിവിളക്കുകൾ സ്ഥാപിച്ച് ഏറെക്കഴിയും മുമ്പാണ് ഇവ മിഴിയടച്ചത്. ഒരു വർഷത്തെ ഗ്യാരന്റി വാഗ്ദാനം ചെയ്തു സ്ഥാപിച്ച ബൾബുകൾ ഭൂരിഭാഗവും ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പണിമുടക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പാമ്പുണ്ട്, പേടിയാണ്!

വശങ്ങളിൽ വളർന്നുനിൽക്കുന്ന പാഴ്‌ച്ചെടികൾ റോഡിലേക്ക് തലനീട്ടുന്ന സാഹചര്യവുമുണ്ട്. അടിനാൽ തന്നെ റോഡുകളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. അതിനാൽ തന്നെ സന്ധ്യമയങ്ങിയാൽ പലർക്കും റോഡിലിറങ്ങാൻ ഭയമാണ്. വഴിവിളക്കുകൾ പ്രകാശിപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാന്ന് നാട്ടുകാരുടെ ആവശ്യം.