തൃക്കൊടിത്താനം: വേദനകൾക്ക് നടുവിലൂടെയാണ് സുഭാഷ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. നാളുകളായി ഒരേകിടപ്പിൽ. രണ്ട് കാലുകളും മുറിച്ചുനീക്കി. തല ചായ്ക്കാൻ ആകെയുള്ള ചെറിയ വീടാകട്ടെ ജപ്തിഭീഷണിയിലും... തൃക്കൊടിത്താനം ആരമലക്കുന്ന് കൊച്ചുകുന്നുപുറം വീട്ടിൽ സുഭാഷ് മണിയപ്പൻ (50)നെ വർഷങ്ങളായി രോഗം അലട്ടുകയാണ്. രക്തക്കുഴൽ അടഞ്ഞ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം നിലച്ചതോടെ സുഭാഷ് പൂർണ്ണമായും അവശനായി. പ്രമേഹം കൂടി മൂർച്ഛിച്ചതോടെ രണ്ട് കാലുകളും മുറിച്ചുനീക്കി. ഇതോടെ ശരീരമൊന്ന് ചലിക്കാൻ കഴിയാതെയായി. വിവിധ ആശുപത്രികളിലായി ലക്ഷങ്ങൾ ചിലവഴിച്ചായിരുന്നു ഇതുവരെയുള്ള ചികിത്സ. ഇതിനിടെ ചികിത്സയ്ക്കും മറ്റുമായി ബാങ്കിൽ നിന്നും വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണിയിലാണ്. ഭാര്യ ലതയും മക്കളായ സൂരജും സൂര്യയും ഉൾപ്പെടുന്നതാണ് സുഭാഷിന്റെ കുടുംബം.സിവിൽ എൻജിനിയറിംഗ് പൂർത്തിയായ സൂരജിന് വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. സുമനസുകളുടെ സഹായമില്ലെങ്കിൽ സുഭാഷിന്റെ ചികിത്സ ഉൾപ്പെടെ മുടങ്ങുമെന്നാണ് നിലവിലെ സാഹചര്യം. സുഭാഷിനും കുടുംബത്തിനും സഹായമെത്തിക്കാൻ എസ്.ബി.ഐ തൃക്കൊടിത്താനം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ:

ലത സുഭാഷ്

അക്കൗണ്ട് നമ്പർ: 67234204570

ഐ.എഫ്.എസ്.സി കോഡ്: SBIN0070385