vazhakula

കോട്ടയം : കൊവിഡ് കാലത്ത് അത്ര കളർഫുൾ അല്ലെങ്കിലും ഓണം വിപണി കൂടുതൽ ഉഷാറായി. ഓഫറുകളുടെ പെരുമഴ നിറഞ്ഞതോടെ ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെയും വില്പനയിൽ കുതിപ്പ്. എന്നാൽ ചിപ്സ് വിപണി അത്ര പോരാ. കൊവിഡ് കാരണം ഉപഭോക്താക്കൾ എത്താത്തതിനാൽ കച്ചവടമില്ലാതെ വെറുതെയിരുന്ന ഗൃഹോപകരണകടകളിൽ വൻതിരക്കാണ്. സുരക്ഷിതമായി കടയിൽ കയറി ഓരോ കമ്പനിയുടെയും ഗൃഹോപകരണങ്ങൾ നോക്കാൻ സാനിറ്റൈസറും കൈകഴുകാനുള്ള വെള്ളവും വ്യാപാരികൾ ഒരുക്കിയിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിച്ചാണ് കയറ്റിവിടുന്നത്. കടയിൽ വരുന്ന എല്ലാവരുടെയും പേരും ഫോൺ നമ്പറും കുറിച്ചെടുക്കുന്നുണ്ട്.

ഇലക്ട്രോണിക്‌സ് മേഖല

കൊവിഡ് എല്ലാ മേഖലയിലും തിരിച്ചടി ഉണ്ടാക്കിയെങ്കിലും ഇലക്ട്രോണിക്‌സ് മേഖലയിൽ വില്പന കുതിച്ചു ഉയരുകയായിരുന്നു. മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ടാബ്, എൽ.ഇ.ഡി ടി.വി എന്നിവയിൽ വൻ വില്പനയാണ് നടന്നത്. ഓൺലൈൻ പഠനമാണ് വില്പന വർദ്ധിക്കാൻ ഇടയാക്കിയത്.

വിലക്കിഴിവും സമ്മാനങ്ങളും

ഗൃഹോപകരണങ്ങൾക്ക് ഏറ്റവും മികച്ച ഓഫറാണ് ഓണക്കാലത്ത് ലഭിക്കുന്നത്. വീടുകളിൽ ഇരുന്ന് സാധനങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങൾ വ്യാപാരികൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ വെബ് സൈറ്റിലൂടെ ഉത്പന്നം വാങ്ങാനും പണം അടയ്ക്കാനും സൗകര്യമുണ്ട്. അതേ സമയം ഹോം ഡെലിവറി, സൗജന്യ ഇൻസ്റ്റലേഷൻ തുടങ്ങിയ വില്പനാനന്തര സൗകര്യങ്ങൾ എല്ലാം ലഭിക്കും.

ചിപ്‌സ്

ഓണത്തിന് 5 ദിവസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും ഉപ്പേരി കച്ചവടം പ്രതീക്ഷിച്ചത്ര ഉഷാറായിട്ടില്ല.. ഓണ സദ്യകളിൽ പ്രധാനമായും ഉപയോഗിക്കുന്ന നേന്ത്രക്കായ ഉപയോഗിച്ചുള്ള ശർക്കര ഉപ്പേരി, വറുത്ത ഉപ്പേരി എന്നിവയ്ക്ക് ഇത്തവണ ആവശ്യക്കാർ വളരെ കുറവാണ്. ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഓണാഘോഷങ്ങൾ ഇല്ലാത്തതും തിരിച്ചടിയായി.


കയർഫെഡ് ഷോറൂമിൽ വൻഓഫർ

ഓണത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടത്തെ കയർഫെഡ് ഷോറൂമിൽ വിലക്കിഴിവോടെ മെത്തകൾ, കയർ ഉത്പന്നങ്ങൾ എന്നിവയുടെ വിപണനം ആരംഭിച്ചു. ജി.എസ്.ടിയ്ക്ക് പുറമെ മെത്തകൾക്ക് 50 ശതമാനം വരെയും കയർ ഉത്പന്നങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സെപ്തംബർ 30 വരെയാണ് റിബേറ്റ് കാലാവധി. ഫോൺ: 8281009857, 9496883625.