കട്ടപ്പന: താലൂക്ക് ആശുപത്രിയിൽ നഗരസഭ നിർമിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്‌സും ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റും നാളെ തുറക്കും. രാവിലെ 10.30ന് മന്ത്രി എം.എം. മണി തിയറ്റർ കോംപ്ലക്‌സും ഡീൻ കുര്യാക്കോസ് എം.പി. എക്‌സ്‌റേ യൂണിറ്റും ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിക്കും. ഒരു കോടി രൂപ ചെലവഴിച്ചാണ് മൂന്നു ഓപ്പറേഷൻ തിയറ്ററുകളും ഡിജിറ്റൽ എക്‌സ്‌റേ മുറിയും അനുബന്ധ സൗകര്യങ്ങളും നിർമിച്ചത്. കൂടുതൽ ഡോക്ടർമാരെ നിയമിച്ചാൽ എല്ലാവിധ ശസ്ത്രക്രിയകളും നടത്താനുള്ള സൗകര്യം ആശുപത്രിയിലുണ്ട്. കൂടാതെ 10 രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും 40 കിടക്കകളുള്ള വാർഡും ഡിസംബറിൽ പൂർത്തിയാകും.
നഗരസഭ സമർപ്പിച്ചിട്ടുള്ള മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടമായി മൂന്നു നിലയിൽ കെട്ടിടം നിർമിക്കാൻ സർക്കാർ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പരിശോധന മുറികൾ, ലാബ്, ഫാർമസി, വിശ്രമകേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിൽ സജ്ജമാക്കും.