കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയിൽ ഗൈനക്കോളജിപീഡിയാട്രിക് വിഭാഗങ്ങൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. രാവിലെ 9.30ന് മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിക്കും. ഗൈനക്കോളജിസ്റ്റ് ഡോ. ജോസൻ വർഗീസ്, ശിശുരോഗ വിദഗ്ധൻ ഡോ. അനീഷ്‌കുമാർ എന്നിവർ പുതുതായി ചുമതലയേൽക്കും. കൂടാതെ കോട്ടയം കാരിത്താസ് ആശുപത്രിയുമായി ചേർന്ന് ടെലിമെഡിസിൻ ചികിത്സ സൗകര്യവും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. ദൂരയാത്ര ഒഴിവാക്കി കാരിത്താസ് ആശുപത്രിയിൽ ലഭ്യമാകുന്ന കാൻസർ,ന്യൂറോ ചികിത്സകൾ, വീഡിയോ കോൺഫറൻസിലൂടെ ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം തേടി സഹകരണ ആശുപത്രിയിൽ തന്നെ ലഭ്യമാക്കും.
അടുത്തിടെ കാർഡിയോ, നെഫ്രോ, അൾട്രാസൗണ്ട് സ്‌കാനിംഗ് എന്നീ വിഭാഗങ്ങളും ആരംഭിച്ചിരുന്നു. ആധുനിക സംവിധാനങ്ങളോടെ ലാബും സൂപ്പർ സ്‌പെഷ്യാലിറ്റി ദന്തൽ ആശുപത്രിയും ഉടൻ ആരംഭിക്കുമെന്ന് സ്ഥാപക പ്രസിഡന്റ് സി.വി. വർഗീസ്, പ്രസിഡന്റ് കെ.ആർ. സോദരൻ, ഡയറക്ടർമാരായ കെ.പി. സുമോദ്, ജലജ ജയസൂര്യ, സാലി ജോളി, അഡ്മിനിസ്‌ട്രേറ്റർ സജി തടത്തിൽ എന്നിവർ അറിയിച്ചു.