കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ (അക്കരപ്പള്ളിയിൽ) പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണം ആഗസ്റ്റ് 31 മുതൽ സെപ്തംബർ 8 വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും തിരുക്കർമ്മങ്ങൾ നടത്തുക. സെപ്തംബർ 1 മുതൽ 8 വരെ വൈകിട്ട് 7 ന് കേരളത്തിലെ പ്രശസ്ത ധ്യാനഗുരുക്കന്മാരുടെ മരിയൻ പ്രഭാഷണങ്ങൾ ഓൺലൈൻ വഴി നടക്കും. തിരുനാളിന്റെ ആദ്യദിനം മാർ ജോസ് പുളിക്കൽ മരിയൻ പ്രഭാഷണം നടത്തും. തുടർന്ന് ഫാ. മരിയദാസ് ഒഐസി, ഫാ. ഡോമിനിക് വാളന്മാൻ, ഫാ. ജോസഫ് കടുപ്പിൽ, ഫാ. മാത്യു വയലാമണ്ണിൽ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരും തിരുനാൾദിനത്തിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും സന്ദേശം നല്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 6.30 നും, വൈകിട്ട് 4.30 നും, വി.കുർബാന. വിശ്വാസികൾക്ക് ഓൺലൈൻ വഴി പങ്കെടുക്കാം. തിരുനാൾ ദിവസങ്ങളിൽ ജപമാല, ദിവ്യകാരുണ്യ ആരാധന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.