പാലാ: 'ഇത്തവണ വീട്ടിലൊരു ഊഞ്ഞാലുണ്ടാക്കിയിട്ടുണ്ട്. പഴയ ടയറുകളും കയറുമൊക്കെ ഉപയോഗിച്ചു നിർമ്മിച്ച ഒരു നാടൻ ഊഞ്ഞാൽ. പക്ഷേ എന്നേക്കാൾ 'ഭാരം കൂടിയ ' ഒരാളെയിരുത്തി ടെസ്റ്റ് ചെയ്തിട്ടേ ഞാനിതിൽ ആടൂ...' നിഷ ജോസ്.കെ.മാണിയെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് ജോസ്. കെ.മാണി എം.പി
പറഞ്ഞു. 'അതിനെന്താ... എനിക്കാ വണ്ണം കൂടുതൽ. ടെസ്റ്റ് ആടാൻ ഞാൻ തയ്യാറാണ്.' ഓണ നാളിലെ ഉരുളയ്ക്ക് ഉപ്പേരി പോലെ നിഷ ജോസ്.കെ.മാണി മറുപടി
പറഞ്ഞപ്പോൾ കേട്ടുനിന്നവർ പൊട്ടിച്ചിരിച്ചു. ഇന്നലെ പാലായിൽ നടന്ന സൗഹൃദ കൂട്ടായ്മയുടെ ലളിതമായൊരു ഓണാഘോഷപരിപാടിയായിരുന്നു വേദി.
'ഇത്തവണ ഓണം നമുക്ക് കൊവിഡ് എന്നൊരു സമ്മാനം കൂടി തന്നിട്ടുണ്ട്. ഈ പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാൻ ഓണത്തിന്റെ നല്ല ഓർമ്മകൾ നമുക്ക്
സഹായകമാവും.' ജോസ്.കെ.മാണി പറഞ്ഞു. 'അല്ലെങ്കിലും ഓണം നമ്മുടെ ഏത് ദു:ഖത്തിനിടയിലേയും ഒരു സന്തോഷമല്ലേ '.നിഷ ജോസ്.കെ മാണി ഉറക്കെ
പറഞ്ഞപ്പോൾ ഞങ്ങൾക്ക് വേണ്ടി ഒരു പാട്ട് പാടണമെന്നായി കാണികൾ. തനിക്ക് പാട്ട് പാടാനറിയില്ലെന്ന മറുപടിയോടെ നിഷ ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ ജോസ്.കെ.മാണി തടഞ്ഞു; ഒരു വള്ളപ്പാട്ടെങ്കിലും പാടണമെന്നായി ജോസ്. ആലപ്പുഴക്കാരിയായ തനിക്ക് വെള്ളവും വള്ളവും എന്നും ഹരമാണന്ന് പറഞ്ഞ നിഷ തുടക്കമിട്ടു; 'തിത്തിത്താര തിത്തിത്തൈ തിത്തൈ തക തൈതൈതോം..........' താളമിട്ട് ജോസ്.കെ.മാണിയും വള്ളപ്പാട്ടിനു ചേർന്നപ്പോൾ കാണികൾക്കും ഹരം പിടിച്ചു.അവരും ഒപ്പം പാടി. ഓണവള്ളം കളിപോലെ ഓളപ്പരപ്പിലെ ആവേശം കരയിലുയർന്നു. അരമണിക്കൂറോളം നീണ്ട ആഘോഷവേളയ്‌ക്കൊടുവിൽ ലളിതമായ ഓണ സദ്യയും ഒരുക്കിയിരുന്നു.കാണികൾക്ക് വിളമ്പിക്കൊടുക്കാനും മറ്റും നിഷയും മുന്നിൽ നിന്നു. അവിശ്വാസം ഉൾപ്പടെയുള്ള രാഷ്ട്രീയ ചൂടുകൾക്കിടയിലെ ഈ ഓണാഘോഷം മനസിന് കുളിർമ നൽകുന്നതായി എന്ന് എല്ലാവർക്കും നന്ദി പറയവെ ജോസ്.കെ.മാണി എം.പി പറഞ്ഞു. ജോണി പന്തപ്ലാക്കൽ സ്വാഗതവും ടി.എൻ. രാജൻ നന്ദിയും പറഞ്ഞു.