കട്ടപ്പന: നവജാത ശിശു കൊലപ്പെട്ട കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ ഫോറൻസിക് സംഘം തെളിവെടുത്തു. ആരോഗ്യനില തൃപ്തികരമാണെങ്കിലും കുഞ്ഞിന്റെ മാതാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസ്ചാർജ് ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യും. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷം ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ഇടുക്കിയിൽ നിന്നുള്ള ഫോറെൻസിക് വിദഗ്ധർ ഹോസ്റ്റലിൽ എത്തി പരിശോധന നടത്തി. കുഞ്ഞിന്റെ തലയിൽ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. യുവതിയുടെ കാമുകനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കാമുകന്റെ പ്രേരണയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അവിവാഹിതയായ യുവതി വെള്ളിയാഴ്ചയാണ് ഹോസ്റ്റലിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. നഗരത്തിലെ ദേശസാത്കൃത ബാങ്കിലെ ജീവനക്കാരിയായ യുവതി, മൂത്ത സഹോദരിക്കൊപ്പമാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഗർഭിണിയാണെന്നുള്ള വിവരം ഹോസ്റ്റലിലെ മറ്റു താമസക്കാർ പോലും അറിഞ്ഞിരുന്നില്ല. ഗർഭാവസ്ഥയിലും ഇവർ ബാങ്കിൽ ജോലിക്കെത്തിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ സഹോദരിയെ മുറിയിൽ നിന്നു വിദഗ്ധമായി മാറ്റിയശേഷമാണ് പ്രസവിച്ചത്. ഇവർ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. സംഭവം മറ്റുള്ളവർ അറിയാതിരിക്കാൻ ഇരുവരും മണിക്കൂറുകളോളം മുറിക്കുള്ളിൽ തങ്ങി. രാവിലെയോടെ മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റൽ അധികൃതരും കാര്യമറിയുന്നത്. ഉച്ചയോടെ യുവതിയേയും കുഞ്ഞിന്റെ മൃതദേഹവും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. എന്നാൽ ദൂരൂഹ സാഹചര്യത്തിലെ കുഞ്ഞിന്റെ മരണം സംശയം ജനിപ്പിച്ചിരുന്നു. യുവതിയെ പിന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.