മൂന്നാർ: ഗ്യാപ് റോഡ് ഭാഗത്തെ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങൾ ജില്ലാ കളക്ടർ എച്ച് ദിനേശന്റെയും ഡീൻ കുര്യാക്കോസ് എം പിയുടേയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.മണ്ണിടിച്ചിലിൽ ചിന്നക്കനാൽ ബൈസൺവാലി പഞ്ചായത്തുകളിലെ നിരവധി കർഷകരുടെ ഏക്കറു കണക്കിന് കൃഷി നശിച്ചിരുന്നു. കർഷകർക്കുള്ള ധനസഹായം വേഗത്തിലാക്കുമെന്ന് എം പി വ്യക്തമാക്കി.
മേഖലയിൽ ഇനിയും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നിനാൽ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാവും മുമ്പോട്ടുള്ള നിർമ്മാണങ്ങൾ നടത്തുന്നതെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, സബ് കളക്ടർ പ്രേംകൃഷ്ണൻ, അസി. കളക്ടർ സൂരജ് ഷാജി, തഹസിൽദാർ ജിജി കുന്നപ്പിള്ളി ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.