ഏറ്റുമാനൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച ഏറ്റുമാനൂരിലെ മത്സ്യ മാർക്കറ്റും പേരൂർക്കവലയിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റും നിയന്ത്രണങ്ങളോടെ തുറക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി. വ്യാപാരികൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള ചർച്ച ഇന്ന് രാവിലെ 11ന് നടക്കും. മാർക്കറ്റിലേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങളുടെയും ഡ്രൈവറുടെയും വിവരങ്ങൾ ശേഖരിക്കുന്നതുൾപ്പടെയുള്ള ചുമതല വ്യാപാരികൾക്കാണ്. ഒരു ദിവസം 25 വാഹനങ്ങൾ മാത്രമെ മാർക്കറ്റിലേക്ക് എത്താൻ സാധിക്കു. മാർക്കറ്റിലേക്ക് എത്തുന്ന മത്സ്യങ്ങളുടെ ലേലം ഒഴിവാക്കാനും നിർദേശമുണ്ട്. മാർക്കറ്റിനുള്ളിലെ ജീവനക്കാർ യൂണിഫോം, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ്, ബൂട്ട്, മാസ്‌ക്, കൈയ്യുറ എന്നിവ ധരിക്കണം.