card-play

കോട്ടയം: മണ‌ർകാട് ക്രൗൺ ചീട്ടുകളി കേന്ദ്രത്തിൽ ചില ഉന്നതരുടെ കള്ളപ്പണം ഒഴുകിയിരുന്നതായി സൂചന. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടയിൽ ചീട്ടുകളി നടത്തിപ്പുകാരനായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിനെതിരെ (മാലം സുരേഷ്) എൻഫോഴ്സ്മെന്റ് കേസെടുത്തു. കൊച്ചി മേഖലാ ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.

മണർകാട് ക്രൗൺ ക്ലബിൽ നടന്ന റെയ്ഡിനെക്കുറിച്ചും തുടർന്നുണ്ടായ കേസ് അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിയോട് എൻഫോഴ്സ്മെന്റ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് നടന്ന റെയ്ഡിൽ ചീട്ടുമേശയിൽ നിന്നും 18 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. കളിക്കാൻ എത്തിയ 43 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

തുടർന്ന് നടന്ന അന്വേഷണത്തിൽ ചീട്ടുകളി സ്ഥാപന ഉടമ മാലം സുരേഷിന് വഴിവിട്ട സഹായം ചെയ്തുകൊടുത്ത മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ ആരോപണം ഉണ്ടായി. കേസിൽ നിന്നും രക്ഷപ്പെടാൻ പ്രതിക്ക് നിയമവശങ്ങൾ പറഞ്ഞുകൊടുത്തുന്നു എന്നായിരുന്നു ആരോപണം. മൊബൈൽ ഫോൺ വഴി നടത്തിയ സംഭാഷണം പുറത്തായതോടെ സി.ഐ യെ മാറ്റി. ഇതും ഇപ്പോൾ അന്വേഷണത്തിലാണ്.

ചീട്ട് കളി കേന്ദ്രം നടത്തിപ്പിലൂടെ കോടികളുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ ഉറവിടം എവിടെയാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അവിടെയാണ് ചില ഉന്നതരുടെ മുതൽ മുടക്ക് ഉണ്ടോയെന്നതും അന്വേഷിക്കുന്നത്.

ചീട്ടുകളിക്കാൻ എത്തുന്നവരുടെ പണം നഷ്ടപ്പെട്ടാൽ പലിശയ്ക്ക് പണം കടം കൊടുക്കുന്ന പതിവും ഇവിടെയുണ്ടായിരുന്നു. ആഡംബര കാറുകളോ സ്വർണാഭരണങ്ങളോ പണയ ഉരുപ്പടികളായി വാങ്ങിയാണ് പണം നല്കുക. പ്രതിദിനം ഒന്നും രണ്ടും കോടി രൂപ ഇത്തരത്തിൽ പലിശയായി ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ ലക്ഷങ്ങളാണ് പ്രതിദിനം പലിശയിനത്തിൽ മാത്രം ലഭിക്കുന്നത്. ഒരു ചീട്ടികളത്തിൽ നിന്നുമാത്രം പ്രതിദിനം മൂന്നു ലക്ഷം രൂപ ലഭിക്കും. മണർകാട് ക്ലബിൽ മാത്രം 12 ചീട്ടുമേശകളാണ് ഉണ്ടായിരുന്നത്.