ചങ്ങനാശേരി: പായിപ്പാട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ 34 വർഷത്തെ സ്വപ്നത്തിന് സാക്ഷാത്കാരമായി. പഞ്ചായത്തിലെ ആദ്യ എയർകണ്ടീഷൻ അങ്കണവാടി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനുവാണ് പുതിയ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക.
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതെ വർഷങ്ങളായി വാടക വീടുകളിലും വീടുകളിലെ ചായ്പുകളിലുമാണ് ഇത്രയും നാൾ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. 20 കുട്ടികളാണ് ഇവിടെയുള്ളത്.മുൻ പഞ്ചായത്ത് മെമ്പർ സജി ജോണിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് ഇത് പൂർത്തിയാക്കിയത്. പൗണൂർ കോളനിയിലെ താമസക്കാരനായിരുന്ന തടത്തിപറമ്പിൽ ജോസഫ് ചാക്കോ മരണമടയുകയും അവകാശികൾ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് ഐ.സി.ഡി.എസ് മുഖേന കെട്ടിടം പണിയുകയായിരുന്നു. സി.എഫ് തോമസ് എം.എൽ.എ ആണ് അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടത്. നിലവിലെ വാർഡ് മെമ്പറും പ്രസിഡന്റുമായ സ്വപ്ന ബിനുവിന്റെ നേതൃത്വത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ എയർ കണ്ടീഷൻ ചെയ്ത അംഗൻവാടി കെട്ടിടം പൂർത്തീകരിക്കുകയായിരുന്നു.