prawns

കോട്ടയം: ഇന്ത്യക്ക് വിദേശനാണ്യം ഏറെ നേടി തന്ന വേമ്പനാടൻ കൊഞ്ച് മൺമറയുന്നു. കായലിൽ കൊഞ്ച് ലഭ്യത ഓരോ വർഷവും കുറയുകയാണ്. വേമ്പനാട് കായലാണ് കൊഞ്ചിന്റെ തറവാട്. തണ്ണീർമുക്കം ബണ്ട് സമയം തെറ്റി അടയ്ക്കുന്നതും കായലിൽ മാലിന്യം കലരുന്നതുമാണ് കൊഞ്ച് കായൽ വിടാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിനയായ ബണ്ട്

2018ലെ പ്രളയത്തിൽ വലിയ ശതമാനം കൊഞ്ച് ഒഴുകിപ്പോയി. ആ വർഷം പ്രജനനവും കുറവായിരുന്നു. അതിനാൽ കഴിഞ്ഞവർഷവും കാര്യമായി കൊഞ്ചിനെ കിട്ടിയില്ല. കുമരകം, അംബികാ മാർക്കറ്റ് ഭാഗങ്ങളിലാണ് വേമ്പനാട് കായലിൽ ഇപ്പോൾ കൊഞ്ച് ഉള്ളത്. മറ്റുള്ള ഭാഗങ്ങളിൽ കൊഞ്ച് കാണാനേയില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞവർഷം ബണ്ട് തുറക്കാൻ താമസിച്ചത് കൊഞ്ചിന്റെ വളർച്ചക്ക് വിഘാതമായി. നല്ല വെള്ളത്തിൽ മുട്ടയിടുകയും ഉപ്പുവെള്ളം കയറുമ്പോൾ വിരിയുകയും ഉപ്പിന്റെ അംശം മാറിയാൽ വളരുകയും ചെയ്യുന്ന സ്വഭാവമാണ് കൊഞ്ചിനുള്ളത്. 25 വർഷത്തിനിടയിൽ ആദ്യമായാണ് ബണ്ട് ദീർഘനാൾ അടച്ചിട്ടത്. അതിനാൽ ഉപ്പുവെള്ളം കയറിയില്ല. മാസങ്ങൾ കഴിഞ്ഞ് ഉപ്പുവെള്ളംകയറിപ്പോഴേക്കും മുട്ട കൂടുതലായി നശിച്ചു. അവശേഷിച്ചത് വിരിയാനും കാലതാമസം വന്നു. ഇതാണ് ഇക്കുറി കൊഞ്ചിന്റെ ഉല്പാദനത്തിൽ കുറവുണ്ടാക്കിയത്.

കൂട്ടത്തിൽ വരത്തനും

1960കളിൽ 800 ഗ്രാം വരെ തൂക്കമുള്ള കൊഞ്ച് വേമ്പനാട്ടുകായലിൽ പരക്കെ ഉണ്ടായിരുന്നു. ഓരോ വർഷം കഴിയുംതോറും ഇതിന്റെ തൂക്കം കുറഞ്ഞുവരികയാണ്. ഇപ്പോഴാവട്ടെ 400ഗ്രാമിന്റെ കൊഞ്ചിനെ പോലും കണികാണാനില്ലെന്ന് കൊഞ്ചുപിടുത്തക്കാർ പറയുന്നു. ഒരു കിലോ കൊഞ്ചിന് 550 മുതൽ 650 രൂപ വരെയാണ് ഇന്നലെത്തെ വില.

വേമ്പനാട് കായലിൽ കൊഞ്ചിൻകുഞ്ഞുങ്ങളെ കൂടുതലായി തുറന്നുവിട്ടിരുന്നു. ആന്ധ്രയിലെ ഹാച്ചറിയിൽ ഉല്പാദിപ്പിക്കുന്ന കുഞ്ഞുങ്ങളെയാണ് ഇപ്പോൾ വേമ്പനാട് കായലിൽ തുറന്നുവിടുന്നത്. ലോകത്തിൽ ഏറ്റവും ഗുണമേന്മയുള്ള കൊഞ്ച് വേമ്പനാട്ടുകായലിൽ ഉള്ളപ്പോഴാണ് ഗുണം കുറവും പ്രതിരോധശക്തി കുറവുള്ളതുമായ ആന്ധ്രാ കൊഞ്ചിനെ ഇവിടെ ഇറക്കിവിടുന്നത്. ആന്ധ്രയിലെ കുളങ്ങളിൽ സഹോദര കൊഞ്ചുകളിൽ നിന്ന് കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുകയാണ്. ഇതിന് ഗുണം വീണ്ടും കുറയുമെന്നാണ് പഠനങ്ങളിൽ വ്യക്തമാവുന്നത്. കൂടാതെ കൊഞ്ചിന്റെ വളർച്ചയെയും ഇത് ദേഷകരമായി ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.

ടി.കെ രാമകൃഷ്ണൻ ഫിഷറീസ് വകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് മത്സ്യകൃഷിയിൽ ഉണർവുണ്ടായത്. കുമരകത്ത് കരിമീൻ കുഞ്ഞുങ്ങളെ ഹാച്ചറിയിൽ വളർത്തി വേമ്പനാട്ടുകായലിൽ തുറന്നുവിട്ടിരുന്നു. കൂടാതെ പ്രജനനത്തിന് തെങ്ങിൻകുറ്റികൾ കായലിൽ നാട്ടി കരിമീന് സ്വാഭാവിക പ്രജനനത്തിന് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇതോടെ വേമ്പനാട്കായലിൽ കരിമീൻ സമ്പത്ത് പത്തിരട്ടി വർദ്ധിക്കുകയും മത്സ്യതൊഴിലാളികൾക്ക് കീശനിറയെ പണം ലഭിക്കുകയും ചെയ്തിരുന്നു. ഇതേപോലെ നാടൻ കൊഞ്ചിന് പ്രജനനത്തിന് സൗകര്യമൊരുക്കണമെന്ന് ഇതിനെ ആശ്രയിച്ചു ജീവിക്കുന്നവർ പറയുന്നു.