pj
PJ

കോട്ടയം: ഇടതു മുന്നണിക്കെതിരായ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്താങ്ങാതെ 'ന്യൂട്രൽ കളി 'നടത്തിയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി രഹസ്യ ധാരണ ഉണ്ടാക്കി മത്സരിക്കാൻ നീക്കം.

എങ്ങനെയും കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയെന്ന അടവുനയത്തിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ രാഷ്ടീയം നോക്കാതെ കൂട്ടുകെട്ടുണ്ടാക്കാനാണ് ശ്രമം. ഇരു മുന്നണിയിലുമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്ന പരീക്ഷണ ഘട്ടത്തിൽ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരുന്നത് പാർട്ടിയുടെ നിലനിൽപ്പിനു തന്നെ ദോഷം ചെയ്യുമെന്നു മനസിലാക്കിയാണ് ഈ രഹസ്യ അടവുനയമെന്നാണ് സൂചന.

ജോസ് വിഭാഗവുമായി ധാരണ ഉണ്ടാക്കിയാൽ കാര്യമായി ലഭിക്കാത്ത ക്രൈസ്തവ വോട്ട് ബാങ്കിൽ കടന്നു കയറി കോട്ടയം, ഇടുക്കി, പത്തനം തിട്ട എറണാകുളം ജില്ലകളിൽ നേട്ടമുണ്ടാക്കാൻ ഇടതു മുന്നണിക്ക് കഴിയും. പ്രത്യേകിച്ചും സി.പി.എമ്മിന്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് യു.ഡി. എഫിൽ നിന്നും പുറത്താക്കിയതിൽ കടുത്ത അമർഷത്തിലാണ് ജോസ് വിഭാഗം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നതോടെ യു.ഡി.എഫിലേക്ക് ഇനി തിരിച്ചു പോകാനുള്ള വഴിയും അടഞ്ഞു.ജോസഫ് വിഭാഗത്തിനെക്കാളും കൂടുതൽ സീറ്റുകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയെടുക്കുകയെന്നത് പ്രസ്റ്റീജായാണ് ജോസ് വിഭാഗം കാണുന്നത്. അതിന് ഓരോ പ്രദേശത്തും എന്തു നിലപാടും എടുക്കാമെന്ന അടവു നയം തദ്ദേശതിരഞ്ഞെടുപ്പിൽ സ്വീകരിക്കാനാണ് നീക്കം..

മദ്ധ്യ കേരളത്തിൽ ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര് യു.ഡി. എഫിന്റെ അടിത്തറ കൂടുതൽ ഇളക്കിയിട്ടുണ്ട്. ഇത് എൽ. ഡി. എഫിന് പ്രതീക്ഷ നൽകുന്നു . ജോസ് വിഭാഗത്തിന്റെ സ്വാധീന മേഖലകൾ ഇടതു പക്ഷത്തിന് കടന്നു കയറാൻ കഴിയാത്ത ഇടങ്ങളാണ് . അവിടെ വേരുറപ്പിക്കാൻ ജോസ് വിഭാഗത്തിന്റെ പിന്തുണ സഹായിക്കുമെന്ന് സി.പി.എം. കണക്കു കൂട്ടുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരത്തേ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മാണി വിഭാഗം സി.പി.എം സഹായം തേടിയിരുന്നത് വിവാദമായിരുന്നു.

അവിശ്വാസ പ്രമേയത്തിൽ സ്വീകരിച്ച നിലപാടോടെ എന്നന്നേക്കും യു.ഡി.എഫിൽ നിന്ന് പുറത്തു പോകാൻ നിർബന്ധിതമായതോടെ ഇടതു ബാന്ധവത്തിനുള്ള വഴി തെളിഞ്ഞതും രഹസ്യധാരണയ്ക്ക് കളമൊരുക്കിയിട്ടുണ്ടെന്നാണ് സൂചന.