vegetables

ജില്ലയിൽ 146 പ്രത്യേക ചന്തകളുമായി കൃഷിവകുപ്പ്

കോട്ടയം : കൊവിഡിലെ ഓണക്കാലത്ത് നാടൻ പച്ചക്കറി എത്തിച്ച് കൃഷിവകുപ്പ്. നല്ല പച്ചക്കറി തീൻ മേശയിലെത്തിക്കണമെന്ന ലക്ഷ്യത്തിൽ ജില്ലയിൽ 146 പ്രത്യേക ചന്തകളാണ് തുടങ്ങിയത്. ലോക്ക് ഡൗൺകാലത്ത് കൃഷി വ്യാപകമാക്കിയതിനാൽ ഇക്കുറി തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരില്ലെന്നാണ് നിഗമനം. ചരിത്രത്തിൽ ആദ്യമായി ഏറ്റവും അധികം സ്ഥലങ്ങളിലേയ്ക്ക് കൃഷിവ്യാപിപ്പിച്ച് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി 2 ലക്ഷം പായ്ക്കറ്റ് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ തുടക്കത്തിൽ പച്ചക്കറി വിത്തുകളും പിന്നീട് കൃഷിഓഫീസുകൾ മുഖേന പച്ചക്കറിത്തൈകളും വിതരണം ചെയ്തിരുന്നു. ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിച്ചതും ഗുണകരമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 6500 ഹെക്ടറിൽ വിളയിച്ച കൃഷിയും പാകമാകുകയാണ്. ജില്ലാ ആസ്ഥാനത്തിന് പുറമേ വിവിധ കൃഷി ഭവനുകൾ കേന്ദ്രീകരിച്ചും ചന്തകൾ തുറന്നിട്ടുണ്ട്.

നാട്ടിൽ പച്ചക്കറി

കഴിഞ്ഞ മഴയിൽ കൃഷി നശിച്ചെങ്കിലും ഓണമുണ്ണാനുള്ള പച്ചക്കറി പരമാവധി സംഭരിക്കുന്നുണ്ട്. ജില്ലയിൽ നിന്ന് ശേഖരിക്കുന്നത് തികഞ്ഞില്ലെങ്കിൽ ഇടുക്കി കാന്തല്ലൂരിൽ നിന്ന് എത്തിക്കാനാണ് പദ്ധതി.

ചന്തകൾ ഇങ്ങനെ

കൃഷി വകുപ്പ് : 86

ഹോർട്ടികോർപ്പ് : 44

വി.എഫ്.പി.സി : 16

വിപണിയിൽ തീവില

ഓണമടുത്തതോടെ പച്ചക്കറിക്ക് തീവിലയിട്ട് കച്ചവടക്കാർ. ഒരാഴ്ചകൊണ്ട് ഇരട്ടിയിലധികം രൂപയാണ് ഓരോ ഇനങ്ങൾക്കം കൂടിയത്. ദിവസവും അഞ്ച് മുതൽ പത്ത് രൂപവരെ കൂടുന്നുണ്ട്. മിക്ക സാധനങ്ങളുടേയും വില കിലോയ്ക്ക് അമ്പതിന് മുകളിലെത്തി. ബീൻസിന് അറുപതും ക്യാരറ്റിന് 80ഉം ഏത്തയ്ക്കായ്ക്ക് 60ഉം വരെയാണ് ഈടാക്കുന്നത്. വിലക്കയറ്റത്തിനെതിരെ വിപണിയിൽ സർക്കാർ ഇടപെടുന്നില്ലെന്ന പരാതിയും ശക്തമാണ്.