ചങ്ങനാശേരി: മൃതപ്രാണനായ സാംസ്‌കാരിക നിലയത്തിന്റെ പുനർജീവനത്തിനായി നാട്ടുകാർ പ്രതിഷേധത്തിൽ. കുറിച്ചി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുറിച്ചി സാംസ്‌കാരിക നിലയം സംരക്ഷിക്കുന്നതിൽ നിസ്സംഗത കാട്ടുന്ന കുറിച്ചി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. സാംസ്‌കാരിക നിലയമെന്ന നിലയിൽ കഴിഞ്ഞ വർഷം വരെ ഈ കെട്ടിടത്തിൽ പല സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അഞ്ചുവർഷം മുമ്പ് പഞ്ചായത്തിൽ നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ ബി.ജി ഫെഡറേഷന്റെ ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. എന്നാൽ ഓഫീസിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചതോടുകൂടി ഈ കെട്ടിടത്തിലേക്കുള്ള ആൾപ്പെരുമാറ്റം ഇല്ലാതായി.
കഷ്ടമാണ് അവസ്ഥ!
സാംസ്കാരിക നിലയത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് പൂർണ്ണമായും ദ്രവിച്ച് നശിച്ചു. മഴവെള്ളം മുഴുവൻ കെട്ടിടത്തിനുള്ളിലേക്ക് ഒലിച്ചിറങ്ങും. കെട്ടിടത്തിന്റെ ഭിത്തികളിൽ പായലും പുല്ലും വളർന്നിറങ്ങി. കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവന്നിരുന്ന അംഗൻവാടിയും ക്ലബ്ബും ഇല്ലാതായതോടെ കോമ്പൗണ്ട് പൂർണ്ണമായും കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. തെരുവുനായകളുടെയും വിഹാരകേന്ദ്രമാണിവിടം. സാംസ്‌കാരിക നിലയം സാംസ്‌കാരിക നിലയം സംരക്ഷിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും തുച്ഛമായ തുകയ്ക്ക് കരാർ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.