ചങ്ങനാശേരി: കുന്നലിക്കൽപ്പടി മന്നത്ത്കടവിൽ റോഡിന് പകരം വെള്ളക്കെട്ടാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെ തുടർന്ന് ദുരിതത്തിലായത് പ്രദേശവാസികളാണ്. തുരുത്തിപ്പള്ളി ഭാഗത്ത് നിന്ന് കുന്നലിക്കൽപ്പടി പ്രദേശത്തേക്കുള്ള ഏക ഗതാഗത മാർഗമായ മന്നത്ത്കടവ് റോഡ് ചെറിയ ഒരു മഴ പെയ്താൽ പോലും വെള്ളം കയറി സഞ്ചാരയോഗ്യമല്ലാതാകും.
20 വർഷമായി തുടരുന്ന ദുരിതം
തുരുത്തി പള്ളി ജംഗ്ഷനിൽ നിന്ന് മന്നത്ത് കടവ് ഭാഗം വരെയുള്ള വാഴപ്പള്ളി പഞ്ചായത്ത് പ്രദേശത്തെ അമ്പത് മീറ്റർ ഭാഗത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇവിടുത്തെ വെള്ളക്കെട്ടിന് കാരണം. വാഴപ്പള്ളി പഞ്ചായത്തിലെ നാലാം വാർഡിലെ റോഡാണിത്. വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളുടെ അതിർത്തി ഭാഗവുമാണ്. കഴിഞ്ഞ 20 വർഷമായി റോഡിന്റെ ശോച്യാവസ്ഥ തുടരുന്നു. കുറിച്ചി പഞ്ചായത്ത് ഭാഗത്ത് കഴിഞ്ഞ അഞ്ച് വർഷക്കാലമായി മെയ്ന്റനൻസ് വർക്കുകൾ പോലും റോഡിൽ നടത്തിയിട്ടില്ല. മൂന്നു വശവും പാടവും വെള്ളക്കെട്ടും ഒരു വശത്ത് റെയിൽവേ ലൈനുമാണ്. വെള്ളം കയറിയാൽ അഞ്ച് കിലോമീറ്റർ ചുറ്റിതിരിഞ്ഞ് സഞ്ചരിച്ച് വേണം തുരുത്തി ജംഗ്ഷനിൽ എത്താൻ. സ്ട്രീറ്റ്ലൈറ്റുകൾ ഇല്ലാത്തതിനാൽ ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ അറവു മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഈ റോഡിൽ തള്ളുന്നതും പതിവാണ്. വെള്ളം കയറിയ റോഡിൽ മാലിന്യങ്ങൾ ഒഴുകി നടക്കുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു. നിരവധി തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. വാഴപ്പള്ളി, കുറിച്ചി പഞ്ചായത്ത്ഭാരവാഹികൾ ഇടപെട്ട് പ്രളയ പുനർ നിർമ്മാണ ഫണ്ട് പ്രയോജനപ്പെടുത്തി റോഡ് ഉയർത്തി പുനർനിർമ്മിക്കണമെന്ന് ഇത്തിത്താനം വികസന സമിതി ആവശ്യപ്പെടുന്നു.