
ചങ്ങനാശേരി: മൂന്ന് റോഡുകൾ സംഗമിക്കുന്ന കവല. ഒപ്പം കൊടുംവളവും. പലപ്പോഴും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടങ്ങൾ. എന്നിട്ടും അപകടങ്ങൾ ഒഴിവാക്കാനായി ദിശാസൂചികയോ, അപായ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. ഇത് കാഞ്ഞിരപ്പാറ കവല. ചങ്ങനാശേരിവാഴൂർ റോഡിലെ പ്രധാന അപകടമേഖല. വാഹനഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതാണ് കാഞ്ഞിരപ്പാറ കവലയിൽ അപകടം തുടർക്കഥയാകാൻ പ്രധാനകാരണം.
അപകടം നിറഞ്ഞ വളവുകൾ
കവലയിലെ കൊടുംവളവ് ഡ്രൈവർമാർക്ക് പേടിസ്വപ്നമാണ്.ചങ്ങനാശേരിയിൽ നിന്നും കാനം റോഡിലേക്ക് വാഹനങ്ങൾ തിരിയുമ്പോൾ വാഴൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് പതിവാണ്. കാനം റോഡിൽ നിന്നും വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോഴും സമാനസാഹചര്യമാണ്. ഒരുദിവസം അഞ്ച് അപകടങ്ങൾ വരെ ഉണ്ടായിട്ടുണ്ട് കവലയിൽ. കഴിഞ്ഞ വർഷം ചെറുതും വലുതുമായി നൂറോളം അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.
വളവും മൺതിട്ടയും
കവലയിലെ കൊടുംവളവിനൊപ്പം ഉയർന്നു നിൽക്കുന്ന മൺതിട്ടയും ഭീഷണിയാണ്. ഇവിടെ മൂന്ന് റോഡുകളിലും വേഗനിയന്ത്രണ സംവിധാനമില്ല. അമിത വേഗതയും അപകടങ്ങൾക്ക് ഇടയാകുന്നുണ്ട്. മൺതിട്ട ഇടിച്ച് വളവ് നിവർത്തിയാൽ പ്രശ്‌ന പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നത്. വളവിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.