കോട്ടയം: ഓണക്കാല കളികളിൽ പ്രധാനമായ വടംവലിയും കൊവിഡ് സാമൂഹ്യഅകലം പാലിക്കലിൽ കുടുങ്ങി ഇത്തവണ പാതാളത്തിലായി. കായികബലം ആവശ്യമായ വടംവലിയ്ക്ക് ഒരു ടീമിൽ എട്ടുപേർ വേണം. എല്ലാവരും ചേർന്നു വലിക്കേണ്ടതിനാൽ മാസ്ക് ധരിച്ചാലും അകലം പാലിക്കാനാവില്ല. സാനിറ്റൈസറോ സോപ്പ് ലായനിയോ കൈയിൽ ഒഴിച്ചാൽ കയറിൽ പിടുത്തം മുറുക്കാനാവില്ല.
വടംവലിക്കാൻ നിരവധി പ്രശസ്ത ടീമുകളുണ്ട്. നാലും അഞ്ചും അക്ക തുക പ്രമുഖ ടൂർണമെന്റുകളിൽ പ്രൈസ് മണിയും ലഭിക്കും. ആന വലിച്ചാലും പൊട്ടാത്ത ബലത്തിൽ വടക്കയർ തയ്യാറാക്കണം. സ്ഥിരം ടീമുകൾക്ക് വടം സ്വന്തമായുണ്ട്. വാടകയ്ക്കും ലഭ്യമാണ്. പലയിടത്തും ആനയും മനുഷ്യരും തമ്മിലുള്ള പ്രദർശന വടം വലി നടത്താറുണ്ട്. ജയം ആനക്കായിരിക്കും. വടം കൊമ്പിൽ കോർത്ത് ആന പിറകോട്ട് വലിച്ചു നടന്നാൽ മറുവശത്തുള്ളവർ നിലം പൊത്തുന്നത് രസകരമായ കാഴ്ചയാണ്.
എട്ട് അംഗങ്ങൾ ഉള്ള രണ്ട് ടീമുകൾ തമ്മിലാണ് മത്സരമെങ്കിലും പങ്കെടുക്കുന്ന ടീമംഗങ്ങളുടെ ആകെ ഭാരം കൂടാൻ പാടില്ല. വടംവലി പരിശീലിപ്പിക്കാനും പരിചയ സമ്പന്നരായ കോച്ചുകളുണ്ട്. വടംവലി മത്സരം പോലെ പ്രധാനമാണ് കളിയുടെ തത്സമയവിവരണവും. ഗ്രാമീണ മേഖലകളിലെ മൈതാനങ്ങളിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച് ജനങ്ങളെ ഇളക്കി മറിക്കുന്ന വടംവലി ഈ ഓണക്കാലത്ത് ഇല്ലാത്തതിൽ ദു:ഖിതരാണ് പ്രമുഖ വടം വലി ടീം അംഗങ്ങളും നാട്ടുകാരും.
വടം വലിക്കുക ഒരു ഹരമാണ്. പേശിബലം മാത്രം പോര ജയിക്കാൻ ടീമിന്റെ ഒത്തൊരുമ പ്രധാനമാണ്. എതിരളിയുടെ കാൽ ഇടറുന്നതും കൈകൾ അയയുന്നതും നോക്കി വേണം വലിക്കാൻ. ഒരാളുടെ നില തെറ്റിയാൽ ടീം മൊത്തം നിലം പൊത്തും. ഗ്രാമീണ മേഖലകളിൽ ക്ലബുകളാണ് ഇതിന് പ്രോത്സാഹനം നൽകുന്നത്. കൊവിഡ് നിയന്ത്രണത്താൽ ഈ ഓണക്കാലത്ത് വടം വലി ഓർമയായി.
അഗസ്റ്റിൻ തോമസ്
വടംവലി പരിശീലകൻ