kodimaram

കറുകച്ചാൽ: കറുകച്ചാലിൽ സാമൂഹ്യ വിരുദ്ധശല്യം വീണ്ടും രൂക്ഷമാകുന്നു. അണിയറപ്പടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളിപ്പടവ് ശാഖയുടെ കൊടിമരവും നെയിംബോർഡും, ചിറയ്ക്കൽ സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിയുടെ ബോർഡും സാമൂഹ്യ വിരുദ്ധർ തകർത്തു. ചൊവ്വാഴ്ച്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. കൊടിമരവും ബോർഡുകളും തകർന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ശാഖാ ഭാരവാഹികളെയും പള്ളി ഭാരവാഹികളെയും വിവരമറിയിച്ചു. തുടർന്ന് ശാഖാ ഭാരവാഹികളും പള്ളി അധികൃതരും കറുകച്ചാൽ പൊലീസിൽ പരാതി നല്കി. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും അന്വേഷണത്തിൽ അലംഭാവംകാട്ടിയാൽ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. രണ്ട് മാസം മുൻപ് നെടുംകുന്നം ഫൊറോന പള്ളിയുടെ കുരിശുംതൊട്ടിയിലെ രൂപക്കൂട് സാമൂഹ്യവിരുദ്ധർ തകർത്തിരുന്നു. ഈ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല.
എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരിഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, യോഗം ബോർഡ് മെമ്പർ സജിവ് പൂവത്ത് എന്നിവരുടെ നേതൃത്വത്തിൽ ശാഖാ സെക്രട്ടറി ടി.ആർ അജി, ബ്ലോക്ക് മെമ്പർ രാജേഷ് കൈടാച്ചിറ, വാർഡ് മെമ്പർ ലത ഉണ്ണികൃഷ്ണൻ, എസ്.ടി.യു.സി പ്രസിഡന്റ് ഇ കെ ഷാജി, പള്ളി കമ്മറ്റിക്കാരായ ജോർജ്ജ് ചിറയ്ക്കൽ, ലിജു ജോൺ, എസ്.ടി.യു.സി സെക്രട്ടറി ടി ആർ ഉണ്ണികൃഷ്ണൻ, യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ, ശാഖാ കമ്മറ്റി മെമ്പർമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, സി.ജി സുകുമാരൻ, പി ആർ രൂപേഷ്, ശ്യാം മോഹൻ, അനിൽ മോഹൻ, സിനോജ്, രതീഷ് കൃഷ്ണൻ, പി.എസ് ദിനൂപ്, ശരത്ത് മോഹൻ, അനുപ്, രാഹുൽ, അനിഷ് മോഹൻ, ജിത്തു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.