കുമളി: ലോക്ക് ഡൗണിലെ ബോറടിമാറ്രാൻ ചുറ്രുവട്ടങ്ങളെ ഫ്രെയിമിലാക്കിയ കുഞ്ഞ് സഹോദരങ്ങളായ ലക്ഷ്മിയും ശിവാഗും താരങ്ങളായി. മൊബൈൽ ഫോണിൽ ഇവരെടുത്ത ചിത്രങ്ങൾക്ക് ലോകം മുഴുവൻ ആരാധകരാണിപ്പോൾ. www.kidsownpic.com എന്ന സ്വന്തം വെബ് സൈറ്റിൽ ഇവർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സൈബർ ലോകത്ത് വൈറലാണ്.
കോട്ടയം റബർ ബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ലക്ഷ്മി. ശിവാഗ് പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസുകാരനും. കൊവിഡ് കാലത്ത് ഓൺലൈൻ ക്സാസുകളുടെ ഇടവേളകളിൽ വീണുകിട്ടുന്ന സമയം ക്രിയാത്മകമായി വിനിയോഗിക്കാനാണ് കുട്ടികൾ മൊബൈലിൽ ചിത്രങ്ങൾ എടുത്തു തുടങ്ങിയത്. ഓൺലൈൻ ക്ലാസുകളുടെ ഇടവേളകളിൽ മൊബൈൽ ഫോണുമെടുത്ത് ഇരുവരും തൊടിയിലേക്ക് ഇറങ്ങും. പൂക്കളും ചെടികളും പ്രാണികളും പക്ഷിയും മുതൽ എന്തിലും കൗതുകം കണ്ടെത്തി പകർത്തും. പുറത്തുപോകാൻ കഴിഞ്ഞില്ലെങ്കിൽ അടുക്കളയിലും സ്വീകരണമുറിയിലുമെല്ലാം പരതും. കണ്ണിൽ കാണുന്നതൊക്കെ ചിത്രീകരിക്കും. ഇങ്ങനെ പകർത്തിയ ചിത്രങ്ങളെല്ലാം കമ്പ്യൂട്ടറിൽ സൂക്ഷിക്കാൻ തുടങ്ങിയതോടെയാണ് കുട്ടികൾക്കൊരു വെബ് സൈറ്റ് എന്ന ആശയം മാതാപിതാക്കളിലും മുളപൊട്ടിയത്.
ആഫ്രിക്കയിലെ കോംഗോയിൽ ബഹുരാഷ്ട്ര കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ കുമളി അമരാവതി കിഴക്കേകുറിയിടത്ത് കെ.ജി. ഓമനക്കുട്ടന്റെയും കമ്പ്യൂട്ടർ എൻജിനിയറായ കവിതയുടെയും മക്കളാണ് ഈ കുരുന്നു പ്രതിഭകൾ.
സ്വന്തം വെബ്സൈറ്റ്
മക്കളുടെ ചിത്രശേഖരം കമ്പ്യൂട്ടറിൽ നിറഞ്ഞതോടെ മാതാപിതാക്കളാണ് വെബ് സൈറ്റ് തയ്യാറാക്കി നൽകിയത്. അതോടെ ചിത്രമെടുപ്പും സൈറ്റിൽ അപ്‌ലോഡുമായി ഇരുവരും തിരക്കിലുമായി. ഒരു മാസത്തിനകം 2,500 ലധികം ചിത്രങ്ങളാണ് സൈറ്റിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5,000 ലേറെപ്പേരാണ് ഇത് കണ്ടത്. ഇതിനൊപ്പം പലഹാരങ്ങളും പാനീയങ്ങളും തയ്യാറാക്കുന്ന വീഡിയോയും ലക്ഷ്‌മി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.