കാഞ്ഞിരപ്പള്ളി: രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ സൂം മീറ്റിംഗ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും. വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറമ്പിൽ സ്വാഗതവും അക്കാദമിക് കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ വി.എം. നന്ദിയും പറയും. 373 കുട്ടികൾക്കാണ് എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗങ്ങളിൽ നിന്നായി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത്. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ അവരവരുടെ സ്‌കൂളുകളിൽ നിന്നും വിതരണം ചെയ്യും.