വൈക്കം:വഴിയോരത്തു നിന്നു കളഞ്ഞുകിട്ടിയ പണം ഓട്ടോറിക്ഷ ഡ്രൈവർ പൊലിസിൽ ഏൽപിച്ചു മാതൃകയായി.വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഓട്ടോ സ്റ്റാൻഡിലെ ശിവാത്മജൻ ഓട്ടോയുടെ ഡ്രൈവർ സജികുമാറാണ് പണം പൊലിസിൽ ഏൽപിച്ചത്. 4450 രൂപയും രണ്ടു എ ടി എം കാർഡുകളും വാഹന ലൈസൻസിന്റെ പകർപ്പുമടങ്ങിയ പഴ്‌സാണ് വഴിയരികിൽ നിന്ന് സജികുമാറിന് ലഭിച്ചത്. തലയോലപ്പറമ്പ് ഭാഗത്തു നിന്നു ഓട്ടം കഴിഞ്ഞ് ചൊവ്വാഴ്ച വൈകുന്നേരം 7.15 സജികുമാർ വൈക്കത്തേയ്ക്കു വരുന്നതിനിടയിൽ വടയാർ പൊട്ടൻചിറ ഭാഗത്തെ ചപ്പാത്തിക്കടയ്ക്കു സമീപത്ത് വഴിയരികിൽ നിന്നാണ് പണമടങ്ങിയ പഴ്‌സ് ലഭിച്ചത്. സജികുമാർ ഉടൻ പൊലിസ് സ്റ്റേഷനിലെത്തി പഴ്‌സ് കൈമാറുകയായിരുന്നു.പണം നഷ്ടപ്പെട്ടയാൾ ശരിയായ രേഖകളുമായി സ്റ്റേഷനിലെത്തണമെന്ന് പൊലിസ് അറിയിച്ചു.