gate
ഗേറ്റ് തുരുമ്പെടുത്ത നിലയിൽ

പാലാ: റവന്യു, രജിസ്‌ട്രേഷൻ വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് സബ് രജിസ്ട്രാർ ഓഫീസിന്റെ ചുറ്റുമതിൽ നിർമ്മാണം വൈകുന്നതായി ആക്ഷേപം. സിവിൽ സ്റ്റേഷനു പിന്നിലുള്ള സബ് രജിസ്ട്രാർ ഓഫീസിന് ഇരുനിലമന്ദിരം പൂർത്തിയായിട്ട് ഒന്നരവർഷം പിന്നിട്ടെങ്കിലും തർക്കം മൂലം ചുറ്റുമതിൽ എങ്ങുമെത്തിയില്ല. മതിലിൽ സ്ഥാപിക്കാനുള്ള ഗേറ്റ് തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. സബ് രജിസ്ട്രാർ ഓഫീസിനു സമീപം മരത്തിൽ ചാരിവച്ചിരിക്കുന്ന ഗേറ്റ് നാളുകളായുള്ള വെയിലും മഴയുമേറ്റാണ് തുരുമ്പെടുത്തത്. 6000 സ്ക്വയർ ഫീറ്റിൽ വരുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഒന്നര കോടിയോളം രൂപ മുടക്കിയാണ് പൂർത്തിയാക്കിയത്. കെട്ടിട നിർമ്മാണത്തിനൊപ്പം ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കാനായിരുന്നു കരാർ. കരാറുകാരൻ കെട്ടിടം പൂർത്തിയാക്കി ചുറ്റുമതിൽ നിർമിക്കാനായി ഗേറ്റ് പണിത സ്ഥലത്ത് എത്തിച്ചു. എന്നാൽ ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കാൻ പാടില്ലെന്ന് റവന്യുവകുപ്പ് നിലപാട് സ്വീകരിച്ചതോടെ നിർമ്മാണജോലികൾ തടസപ്പെട്ടു. പൊതുമരാമത്ത് വിഭാഗം പഴയ സബ് രജിസ്ട്രാർ ഓഫിസ് പൊളിച്ചുനീക്കി ചുറ്റുമതിൽ നിർമിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. റവന്യൂവകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് നിന്ന് 10 സെന്റ് സ്ഥലം രജിസ്‌ട്രേഷൻ വകുപ്പിന് വിട്ടുകിട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ട്. എന്നിട്ടും മതിൽ നിർമ്മാണം തടയുകയായിരുന്നുവെന്ന് രജിസ്‌ട്രേഷൻ വകുപ്പ് അധികൃതർ പറയുന്നു.

സിവിൽ സ്റ്റേഷന് ചുറ്റും മതിലും ഗേറ്റും ഉണ്ട്. വീണ്ടും മതിലും ഗേറ്റും ആവശ്യമില്ല. കെട്ടിട നിർമാണത്തിനൊപ്പം ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കാൻ കരാർ കൊടുത്ത് സർക്കാർ പണം നഷ്ടമാക്കിയത് അറിയില്ല

വി.എം.അഷ്‌റഫ്

മീനച്ചിൽ തഹസീൽദാർ

സബ് രജിസ്ട്രാർ ഓഫീസിന്റെ ചുറ്റുമതിൽ നിർമാണം സംബന്ധിച്ച തർക്കം പരിഹരിക്കും. കലക്ടറുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.

മാണി സി. കാപ്പൻ എം.എൽ.എ.