ചങ്ങനാശേരി: കാണാൻ അടിപൊളിയാണ് കുറിച്ചി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം. പക്ഷേ, കുടിവെള്ളവും ശൗചാലയവുമില്ല! ഇരുമ്പ് കസേരകൾ ഉണ്ട്. എന്നാൽ, സെപ്ടിക് ആവും. തുരുമ്പെടുത്ത് പലഭാഗങ്ങളും അടർന്നുപോയ 25 കസേരകളാണ് ഇവിടെയുള്ളത്. ഒരു ഡോക്ടർ പോലും സ്ഥിരമായി ഇവിടെയില്ല. 50 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ചാലച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഈ അവസ്ഥ.
അയൽവീട് ശരണം
ഇവിടെ ചികിത്സയ്ക്കായി എത്തുന്ന ഗർഭിണികളും കുട്ടികളും ശൗചാലയത്തിനായി സമീപത്തുള്ള വീടുകളെയാണ് ആശ്രയിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സമീപവീട്ടുകാർക്ക് ഇത് ബുദ്ധിമുട്ടായിരിക്കുകയാണ്. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളിൽ നിന്നായി പതിനായിരത്തിലധികം ജനങ്ങളാണ് ചാലച്ചിറ ഹെൽത്ത്‌സെന്ററിനെ ആശ്രയിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ യോഗവും കുടുംബശ്രീ, ഗ്രാമസഭ എന്നിവയും കൂടുന്നത് ഇവിടെയാണ്.
രണ്ടു വർഷം മുൻപ് മൂന്നരലക്ഷം രൂപ മുടക്കി കെട്ടിടം പുതുക്കിപ്പണിതത്.കോമ്പൗണ്ടിൽ ഒരു ഓവർഹെഡ് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഇതുവരെ ലഭ്യമായിട്ടില്ല. കുഴൽകിണർ കുഴിച്ചെങ്കിലും വെള്ളം കിട്ടാതായതോടെ വാട്ടർടാങ്ക് ശൂന്യമാണ്.
പേരിന് ഒരു ശൗചാലയം ഇവിടെയുണ്ട്. എന്നാൽ, കാടുകയറി കിടക്കുന്ന ഈ ശൗചാലയത്തിൽ എത്തിപ്പെടുക ശ്രമകരമാണ്. പൊട്ടിപ്പോളിഞ്ഞ് കിടക്കുകയാണ് ശൗചാലയം, വൃത്തിയുമില്ല. ഇത് ഉപയോഗിച്ചാൽ മാറാരോഗം പിടിപെടുമെന്നാണ് അവിടെയെത്തുന്നവർ പറയുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന സചിവോത്തമപുരം ഗവ. ആശുപത്രിയെ സാമൂഹിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തിയ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ പി.എച്ച്.സി. ഇല്ല. ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശമായ ഇത്തിത്താനത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ചാലച്ചിറ കുടുംബക്ഷേമകേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്നും ടാങ്കിൽ വെള്ളം എത്തിക്കാനും ശൗചാലയം നിർമ്മിക്കാനും അധികാരികൾ നടപടി സ്വീകരിക്കണമെന്നും ഇത്തിത്താനം വികസനസമിതി ആവശ്യപ്പെട്ടു.