jose-k-mani

കോട്ടയം: നിയമസഭയിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്താങ്ങാതെ 'ന്യൂട്രൽ' കളിച്ചതിനു പിന്നാലെ, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി രഹസ്യ ധാരണയ്ക്ക് നീക്കവുമായി കേരള കോൺഗ്രസ് ജോസ് വിഭാഗം.

രണ്ട് മുന്നണിയിലുമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട് സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരുന്നത് ഈ പരീക്ഷണ ഘട്ടത്തിൽ പാർട്ടിയുടെ നിലനിൽപ്പിനു ദോഷം ചെയ്യുമെന്നു മനസിലാക്കിയാണിത്.പാലാ മരങ്ങാട്ടുപിള്ളി യു.ഡി.എഫ് പഞ്ചായത്ത് സമിതിക്കെതിരെ അഴിമതി ആരോപിച്ച് ഇടതുമുന്നണിക്കൊപ്പം ജോസ് വിഭാഗം വൈസ് പ്രസിഡന്റ് അലക്സ് കത്ത് നൽകിയതും ശ്രദ്ധേയമായി.

ജോസ് വിഭാഗവുമായി ധാരണയുണ്ടാക്കിയാൽ ക്രൈസ്തവ വോട്ട് ബാങ്കിൽ കടന്നു കയറി കോട്ടയം, ഇടുക്കി, പത്തനം തിട്ട എറണാകുളം ജില്ലകളിൽ നേട്ടമുണ്ടാക്കാൻ ഇടതു മുന്നണിക്ക് കഴിയും. അവിശ്വാസ വോട്ടെടുപ്പിലും, രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും നിന്ന് വിട്ടുനിന്നതോടെ ജോസ് വിഭാഗത്തിന് യു.ഡി.എഫിലേക്ക് തിരിച്ചു പോകാനുള്ള വഴിയും അടഞ്ഞു. മദ്ധ്യ കേരളത്തിൽ ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര് യു.ഡി. എഫിന്റെ അടിത്തറ കൂടുതൽ ഇളക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന് ജോസ് വിഭാഗത്തിന്റെ സ്വാധീന മേഖലകളിൽ വേരുറപ്പിക്കാൻ രഹസ്യ ധാരണ സഹായിക്കും. നേരത്തേ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മാണി വിഭാഗം സി.പി.എം സഹായം തേടിയത് വിവാദമായിരുന്നു. അന്ന് യു.ഡി.എഫ് വിട്ടു പോയതും ഇതിന്റെ തുടർച്ചയായിരുന്നു .പിന്നീട് വില പേശലിൽ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റും നേടിയാണ് യു.ഡി.എഫിൽ അവർ തിരിച്ചെത്തിയത്.