കോട്ടയം: കളിക്കാൻ പുലിയും വെടിവയ്ക്കാൻ വേട്ടക്കാരനും ഈ ഓണക്കാലത്തുണ്ടാകില്ല. പുലിയും വേട്ടക്കാരനും ഒന്നിക്കുന്ന പുലികളിയും കൊവിഡ് നിയന്ത്രണത്തിൽ കുടുങ്ങി.
ഓണത്തിന്റെ വരവറിയിച്ചാണ് നാടും നഗരവും കീഴടക്കാൻ പുലികൾ നാട്ടിലിറങ്ങുക. പുലിയെ വെടിവച്ചു വീഴ്ത്താൻ നാടൻ തോക്കിന്റെ മാതൃകയുമായി വേട്ടക്കാരനുമുണ്ടാകും. മേളത്തിന്റെ അകമ്പടിയിൽ പുലി കളിക്കും. പിറകേ തോക്കുമായി വേട്ടക്കാരനും .തിരിഞ്ഞും മറിഞ്ഞും ചാടുന്ന പുലിയെ വേട്ടക്കാരൻ അവസാനം വെടിവയ്ക്കും. പുലി ചത്തു മലച്ചു വീഴുന്നതോടെ പുലികളി അവസാനിക്കും. കളി കാണാൻ തടിച്ചു കൂടുന്നവരിൽ നിന്നുള്ള പിരിവാണ് വരുമാന മാർഗം.
കേരളത്തിന്റെ തനതായ കലാരൂപമാണ് പുലികളി അഥവാ കടുവകളി. ഓണക്കാലത്തു മാത്രമാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. കടുവയുടെയോ പുലിയുടെ ശരീരത്തിലുള്ളതു പോലുള്ള വരകൾ വരച്ച് , മുഖത്ത് കടുവയുടെ മുഖം മൂടിയുംവച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃത്തം വയ്ക്കുകയും ചെയ്യും. ചെണ്ടയാണ് താള വാദ്യമായി ഉപയോഗിക്കാറുള്ളത്.
പരിശീലനം സിദ്ധിച്ച കലാകാരൻമാർ
കടും മഞ്ഞ , കറുപ്പ് ചായങ്ങളാണ് കൂടുതലായും പുലി വേഷം വരയ്ക്കാൻ ഉപയോഗിക്കുന്നത്. വേട്ടക്കാരൻ മേലാസകലം കറുത്ത നിറമടിക്കും. ചിലസ്ഥലങ്ങളിൽ വേട്ടക്കാരനായി സായിപ്പ് വേഷധാരി ഉണ്ടാവും. കാക്കി നിക്കറും ഉടുപ്പുമാകും വേഷം. തലയിൽ കാക്കിയിലുള്ള വട്ടത്തൊപ്പിയും കാണും. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. താളബോധവും അഭിനയവും പ്രധാനമാണ് .
പുലികളിക്കാൻ ആളുകൾ കുറവ്
പുലിവേഷം കെട്ടുന്നതിന് ചായമുപയോഗിക്കുക ചെലവ് കൂടുതലാണ്. വെളിച്ചെണ്ണയും മറ്റും തേച്ച് ചായം മായ്ച്ചു കളയുക ശ്രമകരവുമായതിനാൽ പുലികളിക്കാൻ ആളുകൾ കുറവാണ്. ചായമടിക്കുന്നതിന് പകരം പുലിയുടെ നിറമുള്ള തുണി ഇന്ന് വിപണിയിൽ ലഭ്യമാണ് . കെട്ടാനും അഴിക്കാനും എളുപ്പമായതിനാൽ ഇതുപയോഗിക്കാനാണ് കൂടുതൽ കലാകാരന്മാരും താത്പര്യം കാണിക്കുക. ശരീരം മുഴുവൻ ഇളക്കിയുള്ള കളി ആയാസവുമാണ് . അതിനുസരിച്ചു പ്രതിഫലം നാട്ടുകാരിൽ നിന്നു ലഭിക്കാറില്ല. പുലിയും വേട്ടക്കാരനും വാദ്യമേളക്കാരനുമുള്ള ചെലവ് കാശ് പലപ്പോഴും കിട്ടാറില്ല. പുതു തലമുറയ്ക്കും ഇത്തരം കളികളോട് താത്പര്യമില്ലാത്തതും പുലികളിക്കാർ കുറയാൻ കാരണമായി.
സമ്മാനത്തുക വച്ച് പുലികളി മത്സരം
പല ക്ലബ്ബുകളും ഓണക്കാലത്ത് വലിയ സമ്മാനത്തുക വച്ച് പുലികളി മത്സരം നടത്താറുണ്ട്. നിരവധി പ്രൊഫഷണൽ ടീമുകളും ഈ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുമായിരുന്നു. കലാലയങ്ങളിൽ നടത്താറുള്ള ഓണാഘോഷപരിപാടികളിൽ ആൺകുട്ടികൾ പുലിവേഷം കെട്ടി തിമിർത്ത് ആടാറുണ്ട് . ഈ വർഷം കൊവിഡ് നിയന്ത്രണത്താൽ ഇതെല്ലാം ഓർമ മാത്രമായി ..
200
വർഷത്തെ
പഴക്കമുള്ള
കലാരൂപം