കോട്ടയം: ഓണക്കാലത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരെ കുടുക്കാൻ കർശന പരിശോധനയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും. കഴിഞ്ഞ വർഷം ഓണത്തിന്റെ പത്തു ദിവസത്തിനിടെ അഞ്ചു പേരാണ് ജില്ലയിലുണ്ടായ അപകടങ്ങളിൽ മരിച്ചത്. ഈ സാഹചര്യത്തിലാണ് ഓണത്തിരക്കേറുന്നതിനിടെ പരിശോധന ശക്തമാക്കുന്നത്.
ജില്ലയിൽ അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും. ഈ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടാതെ ജില്ലയിൽ ഇന്റർ സെപ്റ്റർ ഉപയോഗിച്ചും എൻഫോഴ്‌സ്‌മെൻ്റ് വിഭാഗം പരിശോധന നടത്തും.
ഓരോ സ്റ്റേഷൻ പരിധിയിലും പരിശോധന ശക്തമാക്കാൻ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓണത്തിന്റെ ഭാഗമായി പ്രത്യേക പട്രോളിംഗ് നടത്താനാണ് നിർദേശം .
പെറ്റി ഇനി എസ്.എം.എസ്
ഇനി നിയമലംഘനം നടത്തിയാൽ വാഹനം തടഞ്ഞു നിർത്താനൊന്നും മോട്ടോർ വാഹന വകുപ്പ് മിനക്കെടില്ല. പകരം പെറ്റി എസ്.എം.എസ് ആയെത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള വാഹന പരിശോധനയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗമാണ് വാഹനം തടഞ്ഞു നിർത്താതെ പെറ്റി എസ്.എം.എസ് ആയി അയയ്ക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും, ഈ ഫോട്ടോ വാഹൻ സോഫ്റ്റ്‌വെയർ വഴി അപ്‌ലോഡ് ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യുമ്പോൾ സോഫ്റ്റ് വെയർ നിയമലംഘനം കണ്ടെത്തുകയും ഇതിന്റെ പിഴ വാഹന ഉടമയുടെ മൊബൈലിലേയ്‌ക്ക് എസ്.എം.എസ് ആയി എത്തുകയും ചെയ്യും. സൈറ്റിൽ മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്‌തവർക്ക് മാത്രമാണ് എസ്.എം.എസ് ലഭിക്കുക.