കോട്ടയം: പേമാരിയുടെ സമയത്ത് മാത്രം കരകവിഞ്ഞൊഴുകുന്ന നദികൾ മഴ മാറുമ്പോഴേയ്ക്കും വറ്റിവരളുന്ന സാഹചര്യത്തിന് അറുതി വരുത്താൻ സൂക്ഷ്മ നീർച്ചാലുകളെ കണ്ടെത്താൻ ജനകീയ കൂട്ടായ്മ. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് കിഴക്കൻ മേഖലയിലെ നീർച്ചാലുകൾ തെളിച്ചെടുക്കാനുള്ള ഉദ്യമം.
കാലവർഷത്തിൽ നിറഞ്ഞു കവിയുന്ന ജില്ലയിലെ നദികൾ മഴമാറിയാൽ മുട്ടറ്റംവെള്ളംപോലുമില്ലാതെ വറ്റിവരളുന്നതിനെ പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മീനച്ചിലാർ ഒഴുകിന്നിടമെങ്കിലും വരൾച്ചയിലേയ്ക്ക് പോകരുതെന്ന ചിന്തയുടെ ഭാഗമായാണ് ജനകീയ കൂട്ടായ്മ പുതിയ ഉദ്യമത്തിന് തുടക്കമിടുന്നത്. നദി നിലനിൽക്കണമെങ്കിൽ ഉദ്ഭവ സ്ഥാനത്തെ സൂക്ഷ്മ നീർച്ചാലുകൾ തേകിയും തെളിച്ചും വെടിപ്പാക്കണമെന്നതാണ് അടിസ്ഥാന ചിന്ത. ഇതിനായി മലഞ്ചരിവിലുള്ള തോടുകളെ ഫസ്റ്റ് ഓർഡർ സ്ട്രീമെന്നും ചെറിയ ഓലികളെ സെക്കന്റ് ഓർഡർ സ്ട്രീമെന്നും തരംതിരിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ് ഇവ കൂടുതലും. ഇവ കണ്ടെത്താനായി വിശദമായ മാപ്പിംഗ് നടത്തും. ഓരോ കാലഘട്ടത്തിലും എത്ര നാൾ വെള്ളം നിലനിൽക്കുമെന്നത് പഠിക്കും. കാലവർഷത്തിൽ പ്രളയം ഒഴിവാക്കാൻ ഒലിച്ചു പോവുകയും തുലാമഴയിൽ കെട്ടിനിന്ന് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഉതകുകയും ചെയ്യുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഹരിത കേരള മിഷൻ, മേജർ-മൈനർ ഇറിഗേഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക
ചെയ്യുന്നത്
നീർച്ചാലുകൾ കണ്ടെത്താൻ രൂപരേഖയും റൂട്ടുമാപ്പും
അരുവികൾ തെളിച്ച് ജൈവ തടയണകൾ നിർമിക്കും
പ്രവർത്തനം തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കും
'' മലയോരത്തെ സൂക്ഷ്മനീർച്ചാലുകളെ കണ്ടെത്തി കണക്ടിവിറ്റിയുണ്ടാക്കുമ്പോൾ ഉരുൾപ്പൊട്ടലും തടയാനാകും. പ്രളയവും വരൾച്ചയും ഒരുപോലെ പരിഹരിക്കുകയാണ് ലക്ഷ്യം''
അഡ്വ. കെ.അനിൽ കുമാർ, കോ-ഓർഡിനേറ്റർ