padam

ചങ്ങനാശേരി: എല്ലാ വർഷവും ഓണക്കാലത്ത് വിളവെടുപ്പിന്റെ തിരക്കിലാകുന്ന പായിപ്പാട് അയിത്തുമുണ്ടകം പാടശേഖരത്തിൽ ഇത്തവണ വിളവെടുപ്പും ആരവവുമില്ല. ഓണമെത്തുമ്പോൾ ഇവിടുത്തെ കർഷകർക്ക് പറയാനുള്ളത്ത് നഷ്ടക്കണക്ക് മാത്രം. കനത്തമഴയിൽ ഇവിടെ 250 ഏക്കറിലെ കൃഷിയാണ് നശിച്ചത്.

പാടശേഖരത്ത് ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴയും കപ്പയും പച്ചക്കറികളും പൂർണ്ണമായും നശിച്ചിരുന്നു. 20 ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. പാടശേഖരത്തിനു സമീപത്തു കൂടി കടന്നു പോകുന്ന അയിത്തുമുണ്ടകം തോട് കനത്ത മഴയിൽ കവിഞ്ഞൊഴുകിയതാണ് കൃഷിനശിച്ചത്. തോടിന്റെ ആഴം കൂട്ടി വെള്ളം കവിഞ്ഞൊഴുകുന്നത് തടയണമെന്ന് കർഷകർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് ചെവികൊണ്ടില്ല. നഷ്ടപരിഹാരം നൽകിയില്ലെങ്കിലും കൃഷി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കർഷകരുടെ ആവശ്യം. സമീപത്തെ തൃക്കൊടിത്താനം പഞ്ചായത്ത് കൊക്കോട്ടുചിറ കുളത്തിന്റെ ആഴം കൂട്ടി കർഷകർക്ക് പ്രോത്സാഹനം നൽകി കാർഷിക വിജയം കൈവരിക്കുമ്പോഴാണ് പായിപ്പാട് ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് പരാജയത്തിന്റെ കഥ പറയാനുള്ളത്. കൊക്കോട്ടുചിറകുളത്തിൽ നിന്നുള്ള വെള്ളമാണ് അയത്തുമുണ്ടകം തോട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ അയിത്തുമുണ്ടകം തോടിന്റെ ആഴം കൂട്ടുക മാത്രമാണ് പോംവഴിയെന്ന് കർഷകർ പറയുന്നു.

തുക വകയിരുത്തി,​ പക്ഷേ?​

തുക വകയിരുത്തിയെങ്കിലും അധികൃതരുടെ അനാസ്ഥയിൽ തോട് നവീകരണം അനന്തമായി നീളുകയാണെന്നാണ് കർഷകരുടെ ആരോപണം. കർഷകരെ അവഗണിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നയത്തിന്റെ ഇരകളാണ് അയിത്തുമുണ്ടകം പാടശേകരത്തിലെ കർഷകരെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എബി വർഗീസ് അഭിപ്രായപ്പെട്ടു. പാടശേഖരത്തെ തോടുസംരക്ഷണത്തിനുള്ള പദ്ധതി ഉടൻ നടപ്പാക്കാണമെന്നും പാടശേഖരസമിതിയെ നിർമാണ ചുമതല ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.