കട്ടപ്പന: മാനക്കേട് ഭയന്നാണ് പ്രസവിച്ചയുടൻ കുഞ്ഞിനെ വകവരുത്തിയതെന്ന്, ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയ മൂലമറ്റം വടക്കേടത്ത് അമലു ജോർജ്(26) പൊലീസിനോടു സമ്മതിച്ചു. കൊലപാതകത്തിന് മറ്റാരുടെയും പ്രേരണയില്ല, ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. കട്ടപ്പനയിലെ ദേശസാത്കൃത ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നും പറഞ്ഞു.
അവിവാഹിതയായ അമലു 21നാണ് കട്ടപ്പനയിലെ വനിതാ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകിയത്. സഹോദരിക്കൊപ്പമായിരുന്നു താമസം. പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു തന്ത്രത്തിൽ ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചു. പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തറയിലേക്കു പിറന്നു വീണ് കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്രിരുന്നു.
ചായയുമായി സഹോദരിയും വാർഡനും മുറിയിലെത്തിയപ്പോൾ യുവതി നിലത്തിലിരിക്കുകയായിരുന്നു. വാർഡൻ ഉടൻ തിരികെ പോയി. തുടർന്ന് സഹോദരിയോട് വിവരം പറഞ്ഞു. ഹോസ്റ്റലിലെ മറ്റു താമസക്കാർ അറിയാതിരിക്കാൻ ഇരുവരും മണിക്കൂറുകളോളം മുറിക്കുള്ളിൽ തങ്ങി. രാവിലെയാണ് മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചത്. ഇവർ സ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റൽ അധികൃതർ കാര്യമറിയുന്നത്.
ഉച്ചയോടെ യുവതിയെയും കുഞ്ഞിന്റെ മൃതദേഹവും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും തലയിൽ ക്ഷതമേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വെള്ളിയാഴ്ച വൈകിട്ടാണ് അമലുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കൊവിഡ് പരിശോധനയ്ക്കായി തൃശൂരിലെ ക്വാറന്റൈൻ സെന്ററിലേക്കു കൊണ്ടുപോയി.