ചങ്ങനാശേരി: ഓണത്തിന് ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ പച്ച ഏത്തയ്ക്കായുടെ വില കച്ചവടക്കാർ ദിവസേന കൂട്ടുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഏത്തക്കുലകൾ എത്താത്തതിനെ തുടർന്ന് പൊതുവിപണിയിൽ വില തോന്നുംപടിയാണ്. വഴിയോര വാണിഭം കൂടി നിലച്ചതോടെ വില നിയന്ത്രണം നടപ്പാവുന്നില്ല. അതേ സമയം കർഷകർക്ക് ന്യായവില ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നു.
കിലോഗ്രാമിന് 40 രൂപയ്ക്ക് വാങ്ങുന്ന ഏത്തക്കുല വിപണിയിൽ എത്തുമ്പോൾ 60 ന് മുകളിലാണ് . ഓണസദ്യയ്ക്ക് ഉപ്പേരി ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ ഏത്തയ്ക്ക വേണം താനും. മുൻകാലങ്ങളിൽ ഓണക്കാലത്ത് റോഡരികിൽ വൻതോതിൽ വാഴക്കുലകൾ വിൽപ്പനക്കെത്തുമായിരുന്നു. എന്നാൽ വഴിയോര കച്ചവടത്തിന് വിലക്കുള്ളതിനാൽ ഇക്കുറി അതുമില്ല. കൊവിഡ് നിയന്ത്രണമുള്ളതിനാൽ വനിതാ സഹകരണ സംഘങ്ങളുടെയും മറ്റ് ജനകീയ കൂട്ടായ്മയുടെയും ഉത്പ്പന്നങ്ങൾ വിപണിയിലില്ല. ഏതാനും ദിവസങ്ങൾ മുമ്പുവരെ പെയ്ത മഴയിലും കാറ്റിലും വാഴകൾ നശിച്ചതും കുല ലഭ്യത കുറച്ചു. ഇതുമൂലം സഹകരണ മാർക്കറ്റുകളിലും ആവശ്യാനുസരണമില്ല. വിപണിയിൽ നേന്ത്രക്കുലയുടെ ലഭ്യത കുറഞ്ഞത് വ്യാപാരികൾ മുതലാക്കുന്നത് വില കൂടുന്നതിനും കാരണമായി. വിപണി നിയന്ത്രിച്ചില്ലെങ്കിൽ ഓണത്തിന് നാട്ടുകാരുടെ കൈപൊള്ളുന്ന അവസ്ഥയാണ്.