colony

ഇടുക്കി: ഗോത്രവർഗ ചരിത്രത്തിൽ നിർണായകസ്ഥാനമുള്ള കൊലുമ്പൻ കോളനിയിലെ 29 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. പ്രദേശത്തെ കർഷക കുടുംബങ്ങൾക്കുള്ള ഓണ സമ്മാനമാണിതെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി എം.എം മണി പറഞ്ഞു. കേരളത്തിൽ പട്ടയത്തിന് അർഹതയുള്ള എല്ലാവർക്കും പട്ടയം ലഭിക്കണം. പദ്ധതി പ്രദേശങ്ങളായിരുന്ന പത്ത് ചെയിൻ മേഖലയിലുൾപ്പെട്ട ഇരട്ടയാർ ഭാഗത്ത് പട്ടയം നല്കിയിട്ടുണ്ട്. ഇത്തരത്തിൽ ഉപ്പുതറ, അയ്യപ്പൻകോവിൽ, കല്ലാർകുട്ടി ഡാമിന്റെ ഇരുകരകളിലെയും കർഷകർക്ക് പട്ടയം നല്കണമെന്ന അഭിപ്രായമാണുള്ളത്. ആദ്യ പട്ടയം ഊരുമൂപ്പൻ ടി.വി. രാജപ്പനും രണ്ടാമതായി ഇടുക്കി ഡാമിന് സ്ഥലം കാണിച്ചു നല്കിയ ചെമ്പൻ കൊലുമ്പന്റെ കൊച്ചു മക്കൾ സുധാ രാജപ്പനും ഏറ്റുവാങ്ങി. റോഷി അഗസ്റ്റ്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എച്ച് ദിനേശൻ സ്വാഗതമാശംസിച്ചു. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, എ ഡി എം ആന്റണി സ്‌കറിയ, ഹുസൂർ ശിരസ്തദാർ മിനി.കെ.ജോൺ, തഹസീൽദാർ വിൻസന്റ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.