നെടുങ്കണ്ടം: സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കട്ടേകാനം ശാന്തിപുരം വെടിവയ്പ് കേസ് പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പിൽ 850 ഗ്രാം തൂക്കം വരുന്ന ഈയ കട്ടകൾ കണ്ടെത്തി. സന്തോഷ് ചക്രപാണിയെയാണ് കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. പ്രതിയുമൊത്തു തമിഴ്നാട് വനപ്രദേശത്തും വീട്ടിലും നടത്തിയ പരിശോധനയിൽ നാടൻ തോക്കിലേക്കുള്ള തിരകൾ നിർമിക്കുന്നതിനു സൂക്ഷിച്ചിരുന്ന ഈയക്കട്ടകളാണ് കണ്ടെടുത്തത്. വനമേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും തോക്ക് കണ്ടെടുക്കാനായില്ല. ഈയക്കട്ടകൾ ചെറു കഷണങ്ങളാക്കി ഉരുട്ടിയെടുത്താണ് തോക്കിൽ നിറയ്ക്കാനുപയോഗിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പ്രതിയുടെ പരിശോധനാ ഫലം വന്ന ശേഷം അഞ്ച് മണിക്കൂർ മാത്രമാണ് പൊലീസിന് തെളിവെടുപ്പിനായി കോടതി സമയം അനുവദിച്ചത്. പ്രതിയെ തിരികെ തൊടുപുഴ ജില്ലാ ജയിലിലെത്തിച്ചു. ജനുവരി 22 രാത്രിയിലാണ് തണ്ണിപ്പാറ സ്വദേശി ഉല്ലാസിന് വെടിയേറ്റത്. വെടിയേറ്റ ഉല്ലാസിനെ വീണ്ടും അപായപ്പെടുത്താൻ കത്തിയുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സന്തോഷിനെ പിടികൂടിയത്. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചാണ് ഉല്ലാസിനെ വെടിവെച്ചതെന്നു കമ്പംമെട്ട് പൊലീസ് പറഞ്ഞു. വനത്തിൽ ഒളിവിൽ കഴിഞ്ഞ സന്തോഷിനെ രണ്ടാഴ്ച മുമ്പാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.