കോട്ടയം: ഇടുക്കി കാന്തല്ലൂരിൽ സ്വകാര്യഭൂമിയിൽ നിന്നും ഒരു കോടിയിൽപ്പരം രൂപ വിലവരുന്ന ചന്ദനമരം വെട്ടിക്കടത്തി. ചിറക്കടവ് പേരൂർ പി.ആർ സോമന്റെ വീടിനു സമീപം നിന്ന 80 സെന്റീമീറ്റർ വണ്ണമുള്ള മരമാണ് കഴിഞ്ഞദിവസം രാത്രിയിൽ വെട്ടിക്കടത്തിയത്. യന്ത്രവാൾ ഉപയോഗിച്ച് മരം വീഴ്ത്തിയശേഷം ചെറിയ കഷണങ്ങളാക്കിയാണ് കൊണ്ടുപോയത്. രണ്ടടി ഉയരത്തിൽവച്ചാണ് തടി മുറിച്ചത്.
2008 മാർച്ച് 20ന് സോമനെയും ബന്ധുക്കളെയും കെട്ടിയിട്ടശേഷം ഒരു കോടി രൂപ വിലവരുന്ന ചന്ദനമരം വെട്ടിക്കടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊന്നത്തടി, മൂവാറ്റുപുഴ സ്വദേശികളായ 12 പേരെ പിടികൂടിയിരുന്നു.
ഇന്നലെ വെട്ടിക്കടത്തിയ ചന്ദനമരത്തിന് കാതൽ ഏറെയുണ്ട്. മരത്തിന് 200 വർഷത്തോളം പ്രായമുള്ളതായിട്ടാണ് അറിയുന്നത്. അഞ്ചുപേർ ചേർന്നാണ് മുറിച്ചുകൊണ്ടു പോയതെന്ന് വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് ഈ മരത്തിന്റെ ശിഖരങ്ങൾ വെട്ടിക്കൊണ്ടു പോയിരുന്നു. ശിഖരങ്ങൾ ഇല്ലായിരുന്നതിനാൽ മരം വീണപ്പോൾ ശബ്ദം കേട്ടില്ലെന്ന് സ്ഥലമുടമ സോമൻ പറയുന്നു.
സോമന്റെ പുരയിടത്തിൽ നൂറു വർഷത്തിലേറെ പ്രായമുള്ള 12 ചന്ദന മരങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നലെ മുറിച്ച മരം കൂടി ഉൾപ്പെടുത്തിയാൽ പത്തു മരങ്ങളും ഇതിനോടകം മോഷ്ടാക്കൾ വെട്ടിക്കൊണ്ടുപോയി. ഇനിയും രണ്ട് വലിയ ചന്ദനമരങ്ങൾകൂടിയേ സോമന്റെ പുരയിടത്തിലുള്ളു.
പാളപ്പെട്ടി ഭാഗത്തേക്കാണ് ചന്ദനമരം കൊണ്ടുപോയതെന്ന് വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്.