ചങ്ങനാശേരി: ഓണത്തിന് ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ പച്ച ഏത്തയ്ക്കായുടെ വില കുതിക്കുന്നു. രണ്ടു ദിവസം മുമ്പ് കിലോക്ക് 40രൂപയ്ക്ക് ലഭിച്ചിരുന്ന ഏത്തയ്ക്കക്ക് ഇന്നിപ്പോൾ 60 രൂപയാണ് വില. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഏത്തക്കുലകൾ എത്താത്തതും ഓണത്തിന് ആവശ്യക്കാർ ഏറിയതുമാണ് വില കൂടാൻ കാരണം. വഴിയോര വാണിഭം നിയന്ത്രിച്ചതും വിലകൂടാൻ കാരണമായി. അതേ സമയം കർഷകർക്ക് കുലയ്ക്ക് ന്യായവില ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. ഓണസദ്യയ്ക്ക് ഉപ്പേരി ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ ഏത്തയ്ക്ക വേണമെന്നതിനാൽ ഇത് ഉപേക്ഷിക്കാൻ മലയാളികൾക്ക് സാധിക്കില്ല. അതിനാൽ എന്തുവില കൊടുത്തും ഏത്തയ്ക്ക വാങ്ങാൻ നിർബന്ധിതരാവുകയാണ്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ വനിതാ സഹകരണ സംഘങ്ങളുടെയും മറ്റ് ജനകീയ കൂട്ടായ്മയുടെയും ഉത്പ്പന്നങ്ങൾ വിപണിയിൽ കാര്യമായി എത്തുന്നില്ല. ഏതാനും ദിവസങ്ങൾ മുമ്പുപെയ്ത മഴയിലും കാറ്റിലും വാഴകൾ നശിച്ചതും കുല ലഭ്യത കുറച്ചു. ഇതുമൂലം സഹകരണ മാർക്കറ്റുകളിലും ആവശ്യത്തിന് കുലകളില്ല. വിപണിയിൽ നേന്ത്രക്കുലയുടെ ലഭ്യത കുറഞ്ഞത് വ്യാപാരികൾ മുതലാക്കുന്നതും വില കൂടുന്നതിനും കാരണമായി.